അമൃതാ ആശുപത്രിയിലെ ചികിത്സാ മികവിനെ പുകഴ്ത്തി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ മനോജ്

കൊച്ചി: അമൃത ആശുപത്രിയിലെ ഒരാഴ്ച്ചത്തെ ചികിത്സ കഴിഞ്ഞതോടെ ആശുപത്രിയിലെ ചിക്തിസാ മികവില്‍ പ്രശംസയുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്. ആശുപത്രിയില്‍ കിട്ടിയ കൃത്യമായ ചികിത്സയും പരിചരണവുമാണ് മനോജിനെ അമൃതാ ആശുപത്രിയെ പുകഴ്ത്താന്‍ തോന്നിയതിന് കാരണം. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ അമൃതയില്‍ ചികിത്സയിലെത്തിയതിനെ വിമര്‍ശിച്ച് സംഘപരിവാറുകാര്‍ രംഗതതെത്തിയിരുന്നു. തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ക്ക മറുപടിയുമായി മനോജ് എത്തിയത്ത്.
മനോജിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്

ചികിത്സയിലെ ചില പിഴവുകള്‍ മൂലം ഗുരുതരാവസ്ഥ വന്നപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ ഡോ. ജോര്‍ജ് മാത്യുവിനെയാണ് സമീപിച്ചത്. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് കഴിഞ്ഞ മാസം 29 ന് അമൃതയിലെത്തി. കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചു. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. ഇപ്പോഴും ചികിത്സ തുടരുന്നു. അമൃത ആശുപത്രിയില്‍ ഡോ. ജഗ്ഗു സ്വാമി ഉള്‍പ്പെടെയുള്ളവര്‍ അതീവ താല്‍പര്യത്തോടെയാണ് കാര്യങ്ങള്‍ ശ്രദ്ധിച്ചത്. മെഡി.ഡയറക്ടര്‍ ഡോ. പ്രേം നായര്‍ ഇടയ്ക്കിടെ കാര്യങ്ങള്‍ അന്വേഷിച്ചു. അവരോടെല്ലാം നന്ദിയും സ്നേഹവും.
അമൃത ആശുപത്രി രോഗശമനത്തിന് ആര്‍ക്കും കടന്നു ചെല്ലാവുന്ന ആതുരാലയമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവിടെ വൈദ്യശാസ്ത്രമനുസരിച്ചുള്ള ചികിത്സയാണ് ലഭിച്ചത്. ആധ്യാത്മിക ചികിത്സയല്ല. ഡോ. ജോര്‍ജ് മാത്യുവിന്റെ സാന്നിധ്യത്തോടൊപ്പം ആധുനിക ചികിത്സാമാര്‍ഗങ്ങളുടെ ലഭ്യത കൂടിയാണ് തിരുവനന്തപുരത്തു നിന്ന് അമൃതയിലെത്താന്‍ കാരണം. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം സുഹൃത്ത് ദീപക് ധര്‍മ്മടം ഫോട്ടോ എടുത്തതും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതും അനുവാദത്തോടെയാണ്.
അമൃത ആശുപത്രിയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന് ചികിത്സ നിഷിദ്ധമെന്നും അത് സംഘികള്‍ക്ക് അവകാശപ്പെട്ടതാണെന്നും കരുതുന്ന ചിലര്‍, എന്റെ രാഷ്ട്രീയ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ഈ ചിത്രം വ്യാപകമായി പോസ്റ്റ് ചെയ്യുന്നു. ‘നീ ഇനിയും ചത്തില്ലേ’ എന്ന് ചോദിച്ചവരും ‘ ഉടന്‍ മരണം ‘ പ്രവചിച്ച് ആശംസിച്ചവരും ഉണ്ട്. അതൊക്കെ അവരുടെ മനോനില. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്ത സൗകര്യം സ്വകാര്യ ആശുപത്രിയിലുണ്ടെങ്കില്‍ അവിടെ പോകും. എ കെ ജിയുടെയും ഇ എം എസിന്റെയും നാമധേയത്തിലുള്ള ആശുപത്രികള്‍ നാട്ടിലുണ്ട്. അവിടെ ഗേറ്റില്‍ പാര്‍ട്ടി കാര്‍ഡ് ചോദിക്കാറില്ല എന്ന് ആര്‍ എസ് എസുകാര്‍ക്ക് അറിയാമെന്ന് തോന്നുന്നു.
പുതിയ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് വ്യാപകമാണെന്നും തൊഴില്‍ സ്ഥാപനങ്ങളും സംഘടനകളും ഇന്‍ഷുറന്‍സ് സൗകര്യം നല്‍കുന്നുണ്ട് എന്നുമുള്ള ഡിജിറ്റല്‍ ജ്ഞാനം മോദി ഭക്തര്‍ക്ക് കുറഞ്ഞു പോയതില്‍ അത്ഭുതമില്ല. അമൃത ആശുപത്രിയിലെ ചികിത്സ ശരീരത്തിനാണ്. അത് കണ്ട് പ്രതികരണ വൈകൃതത്തിലേര്‍പ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടത് മാനസിക ചികിത്സയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top