പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായങ്ങളുമായി സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നുള്ളവര്‍ എത്തുകയാണ്. ഏറ്റവുമൊടുവില്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അവരെ വലിച്ചു കീറണമെന്ന തരത്തില്‍ നടനായ കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളും പ്രവേശിക്കരുത് എന്ന് പറയുന്നതിന് പിന്നില്‍ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്ന് വിശദീകരിച്ച് നടന്‍ ദേവന്‍ പിന്നാലെ എത്തിയിരിക്കുകയാണ്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അശുദ്ധരല്ലെന്ന് പറഞ്ഞ് തുടങ്ങിയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ ശാസ്ത്രത്തെ കൂട്ടുപിടിച്ച് ദേവന്‍ ന്യായവാദങ്ങള്‍ നിരത്തിയത്.
ദേവന്റെ വാക്കുകളിങ്ങനെ: ശബരിമല ക്ഷേത്രം ഒരു വെറും ആരാധനാലയമല്ല. ഹൈവോള്‍ട്ടേജ് ഊര്‍ജ്ജം പുറത്തുവിടുന്ന ഒരു കേന്ദ്രമാണിത്. വിഗ്രഹത്തിന്റെ മീറ്ററുകള്‍ താഴെനിന്ന് വരുന്ന ഊര്‍ജ്ജമാണ് ബിംബത്തിന് ജീവന്‍ നല്‍കുന്നത്. 30 കോടി ജനങ്ങളുടെ ശരണഘോഷത്തില്‍ വിഗ്രഹത്തിന് ഉണ്ടാകുന്ന ഊര്‍ജ്ജമാണിത്. ഹൈവോള്‍ട്ടേജിലുളള ഇലക്ട്രിക് എനര്‍ജി, മാഗ്‌നറ്റിക് എനര്‍ജി എന്നിവ ചേര്‍ന്നുളള പ്രതിഷ്ഠയാണിത്. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ശാരീരികവും മാനസികവുമായ ചില ദൗര്‍ബല്യങ്ങള്‍ നേരിടുന്നുണ്ട്. ഒരു തരത്തിലുളള ശക്്തിയില്ലായ്മയാണിത്. ഈ സമയത്ത് ക്ഷേത്രത്തില്‍ പോയാല്‍ ഈ കാന്തികമണ്ഡലം സ്ത്രീകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. സ്ത്രീകളുടെ സന്താനോല്‍പ്പാദനത്തെ വരെ ബാധിക്കാന്‍ ഇത് ഇടയാക്കുമെന്നും ദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ദേവന്റെ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുപിടിച്ചിരിക്കുകയാണ് എല്ലാവരും.