
കൊല്ലം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരി ദേവനന്ദയ്‌ക്കായി 22 മണിക്കൂറോളമാണ് നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ നടത്തിയത്. കാത്തിരിപ്പിന് വിഫലമായി ഇന്ന് രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ മരണ വാർത്തയെത്തുന്നത്. പൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധരാണ് ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ പ്രതികരിച്ചു. പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് അപരിചിതര്‍ വന്ന് കൊണ്ടുപോകാന്‍ സാദ്ധ്യത ഉണ്ടായിരുന്നില്ല. പൊലീസ് നായ വന്നു നിന്നത് പുഴയോരത്തെന്നും മന്ത്രി പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. കഴിഞ്ഞ ദിവസം അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും ആറുമാസം പ്രായമുള്ള സഹോദരനും മാത്രമായിരുന്നു വീട്ടില്‍.കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നത് കേട്ടതായാണ് അമ്മ പറയുന്നത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ അവിടെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കാണാതായ വിവരം നാട്ടുകാർ ഒന്നടങ്കം അറിയുന്നത്.
അഗ്നി രക്ഷാ സേനയും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. രാത്രിവരെ നീണ്ട തിരച്ചിലിനു ശേഷം ഇന്ന് രാവിലെ സമീപത്തെ ആറ്റിൽ തിരച്ചിൽ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാട്ടിനോടു ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ – ധന്യ ദമ്പതികളുടെ മകളാണ് പൊന്നു എന്നു വിളിക്കുന്ന ദേവനന്ദ. വിദേശത്തുള്ള പ്രദീപ് കുമാർ ഇന്ന് രാവിലെ നാട്ടിലെത്തി.