കൊച്ചി : പ്രാർഥനകൾ വിഫലമായി .കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് ഇന്ന് രാവിലെ 7.30 ഓടെ കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. ദേവനന്ദയുടെ വീട്ടിൽ നിന്നും 60 മീറ്റർ അകലെയാണ് ആറ്. പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു.
അതേസമയം കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നിലവിലെ സംഘം തന്നെ കേസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വീടിനോട് ചേർന്നുള്ള ആറ്റ് ഭാഗത്ത് നിന്നും ഏറെ ദൂരെയായാണ് മൃതദേഹം കണ്ടെത്തിയത്. സയന്റിഫിക് വിദഗ്ദ്ധരെത്തി മൃതദേഹം പരിശോധിച്ച ശേഷം ഇൻക്വസ്റ്റ് നടത്തും. മൃതദേഹത്തിൽ മറ്റ് വിരലടയാളങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. ദുരൂഹത ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കണ്ണനല്ലൂർ പൊലീസ് വ്യക്തമാക്കി. ദേവനന്ദയുടെ പിതാവ് പ്രദീപ് കുമാർ വിദേശത്ത് നിന്ന് രാവിലെ നാട്ടിലെത്തും.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടിൽ ധന്യയും മകളും ആറുമാസമായ കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധന്യയുടെ മാതാപിതാക്കൾ ഈ സമയം പുറത്തേക്കു പോയിരുന്നു. മകൾ ഒറ്റയ്ക്ക് മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി.കുറച്ചുനേരം കഴിഞ്ഞ് മകളുടെ ഒച്ചയും അനക്കവും കേൾക്കാത്തതിനെ തുടർന്ന് വന്നുനോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു. ധന്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും മറ്റും പരിസരത്തും നൂറു മീറ്റർ അകലെയുള്ള പള്ളിക്കലാറിന്റെ തീരത്തും തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. സമീപത്തെ പുഴയിൽ ഫയർഫോഴ്സെത്തിയും തെരച്ചിൽ നടത്തിയിരുന്നു.