കുറ്റം സ്വയം ഏറ്റെടുത്ത ത്യാഗ മനോഭാവി; സിവിൽ സർവ്വീസ് ചർച്ചകളിലെ പുകഴ്‌ത്തലിൽ ഞെട്ടി പിണറായി സർക്കാർ; ഹേമചന്ദ്രനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങള്‍

സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിവിൽ സർവ്വീസുകാരുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഡിജിപി ഹേമചന്ദ്രനെ അനുകൂലിച്ച് യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രചരണം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു. ഹേമചന്ദ്രനെ കൂടാതെ സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നാണ് ഒരു യുവ ഐപിഎസുകാരന്റെ നിലപാട്. കുറ്റം സ്വയം ഏറ്റെടുത്ത ത്യാഗമനോഭാവിയാണ് ഹേമചന്ദ്രനെന്ന് മറ്റൊരു ഐപിഎസുകാരനും പറയുന്നു.

ഇതെല്ലാം സർക്കാരിനെ വെല്ലുവിളിക്കലാണെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നു. സോളാർ റിപ്പോർട്ടിനെതിരെ ഹേമചന്ദ്രൻ പരസ്യ നിലപാട് എടുത്തു. ഇതിന് പിന്നാലെയാണ് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ കമന്റുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടത്. കേസിൽ അന്നത്തെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താൻ മുൻ അന്വേഷണ സംഘ തലവൻ എ.ഡി.ജി.പി: ഹേമചന്ദ്രൻ ശ്രമിച്ചതായി മല്ലേലി ശ്രീധരൻ നായർ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകണമെന്നും അതിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കരുതെന്നും എ.ഡി.ജി.പി. ആവശ്യപ്പെട്ടെന്നു പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട നാലു മാസം മുമ്പു ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിലാണു ശ്രീധരൻ നായരുടെ ആരോപണം. ഈ സാഹചര്യത്തിൽ ഹേമചന്ദ്രനെതിരെ നടപടിയെടുക്കുന്നത് സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പുകളിൽ ഹേമചന്ദ്രനെ പുകഴ്‌ത്തി യുവ ഐപിഎസുകാർ എത്തുന്നത്. അതിനിടെ പുറ്റിങ്ങൽ ദുരന്തത്തിലെ വീഴ്ചയുടെ ഹേമചന്ദ്രനെ കുടുക്കാൻ സർക്കാർ ആയുധമാക്കിയേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറ്റിങ്ങൽ ദുരന്തത്തിലെ വീഴ്ചയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോർട്ട് ഹേമചന്ദ്രൻ പൂഴ്‌ത്തിയെന്ന സൂചനയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതിലെ ആരോപണ വിധേയരെ രക്ഷിക്കാനും ഹേമചന്ദ്രൻ വഴിവിട്ട് ശ്രമിച്ചുവെന്നതാണ് ആക്ഷേപം. അതിനിടെ സരിതാ എസ് നായർ നൽകിയ പുതിയ പരാതിയിലും ഹേമചന്ദ്രനെതിരെ ആക്ഷേപമുണ്ട്. ബലാത്സംഗത്തിനെതിരെ മൊഴി നൽകിയിട്ടും രഹസ്യമാക്കി വച്ചു. ഇത് ഗുരുതര കുറ്റമാണ്. ഇത് പുതിയ അന്വേഷണത്തിൽ തെളിഞ്ഞാൽ ഹേമചന്ദ്രനെതിരെ കേസെടുക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സോളാർ കമ്മീഷനെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ തള്ളി പറഞ്ഞത് കോൺഗ്രസുകാർ ആയുധമാക്കിയിട്ടുണ്ട്. കമ്മീഷന്റെ വിശ്വാസ്യതയെ പൊതു സമൂഹത്തിൽ പരസ്യമായി ചോദ്യം ചെയത ഹേമചന്ദ്രൻ സർക്കാരിനെ വെട്ടിലാക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നു. ഹേമചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണ് മല്ലേലി ശ്രീധരൻ നായർ ഹൈക്കോടതിയിൽ നൽകിയ പരാതിയിലുള്ളത്. കോടതിക്കു മുന്നിൽ നൽകേണ്ട മൊഴിയെപ്പറ്റി എ.ഡി.ജി.പി. ക്ലാസെടുക്കുകയും ചെയ്തു.

എന്നാൽ യഥാർഥ വസ്തുതകളാണു താൻ കോടതിയെ ധരിപ്പിച്ചതെന്നും ഇക്കാര്യങ്ങൾ ജുഡീഷൽ കമ്മിഷന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞെന്നും ശ്രീധരൻ നായർ പറഞ്ഞു. പാലക്കാട്ടുള്ള കിൻഫ്രാ പാർക്കിൽ മൂന്ന് മെഗാവാട്ട് സോളാർ വൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് സരിതയ്ക്ക്‌ കൈമാറിയ 40 ലക്ഷം രൂപാ എവിടെ പോയി എന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ശ്രീധരൻ നായർ എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. പണം എതുവഴി ചെലവായി എന്നതിനെപ്പറ്റി അന്വേഷിച്ചാൽ കേസ് സംബന്ധിച്ച എല്ലാ കാര്യവും വെളിപ്പെടുമെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്.
എന്നാൽ, ഒരന്വേഷണവും ഉണ്ടായില്ല. ആറുമാസം മുമ്പ് സോളാർ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു ശ്രീധരൻ നായർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച അപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നു പുനരന്വേഷണം സംബന്ധിച്ച് നിയമോപദേശം തേടാൻ സർക്കാർ തയാറായി. എന്നാൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് വന്നശേഷം മാത്രം തുടർ നടപടി മതിയെന്നായിരുന്നു നിയമോപദേശം. ഈ സാഹചര്യത്തിൽ സർക്കാർ വൈകാതെ പുനരന്വേഷണത്തിന് ഉത്തരവിടാനുള്ള സാധ്യതയും ഏറെയാണ്. ഇതുണ്ടായാലുടൻ ഹേമചന്ദ്രനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന. ഹേമചന്ദ്രന്റെ കാര്യത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചേരി തിരിവും ശക്തമാണ്. ഐപിഎസ് അസോസിയേഷനിലെ തർക്കങ്ങൾക്ക് പുതുമാനം നൽകുന്നതാണ് സോളാർ കമ്മീഷൻ റിപ്പോർട്ടും. ഹെക്കോടതിയിൽ ശ്രീധരൻ നായർ സമർപ്പിച്ച പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ: സോളാർ പദ്ധതിക്കു തയാറായതുതന്നെ അന്നത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചതിനാലാണ്്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പഴ്സണൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പന് വലിയ പങ്കില്ല. സോളാർ പദ്ധതിയിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും പണം മുടക്കാൻ തയ്യാറായത് 2012 ജൂെലെ 9 ന് രാത്രി ഏഴിന് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ്. ഇതിന് മുമ്പ് പദ്ധതിയെപ്പറ്റി സരിതയോടും ബിജു രാധാകൃഷ്ണനോടും ചർച്ച നടത്തി. പാലക്കാട് വാളയാർ റൂട്ടിലുള്ള കിൻഫ്രാ പാർക്കിലെത്തി മൂന്ന് മെഗാവാട്ട് പദ്ധതിക്ക് ആവശ്യമായ 12 ഏക്കർ സ്ഥലം കണ്ടു.

ഒരു മെഗാവാട്ടിന് 15 കോടി രൂപാ ചെലവാകുമെന്നാണ് സരിത പറഞ്ഞത്. എന്നാൽ 13.75 കോടി രൂപായ്ക്ക് പദ്ധതി നടത്തിതരാമെന്നും അവർ വാഗ്ദാനം നൽകി. മൂന്നുമെഗാവാട്ട് പദ്ധതി പൂർത്തിയാക്കാൻ 39.75 കോടി രൂപാ വേണ്ടിവരുമെങ്കിലും 60% സർക്കാർ സബ്സിഡി ഉണ്ടെന്നും ബാക്കി നല്ലൊരു തുക സർക്കാർ ഗ്യാരണ്ടി സ്‌കീം അനുസരിച്ച് വായ്‌പ്പയായി ലഭിക്കുമെന്നും സരിത ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ജൺ 26 ന് എം.ഒ.യു ഒപ്പിട്ടത്. 27ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കാണാനാണ് ഇരുന്നതെങ്കിലും അന്ന് അദ്ദേഹം ഡൽഹിക്ക് പോയതിനാൽ നടന്നില്ല. പിന്നീടാണ് ജൂെലെ 9ന്‌ വൈകിട്ട് 7ന് കണ്ടത്.
സെക്രട്ടേറിയറ്റിന്റെ കവാടത്തിലോ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള വഴിയിലോ ഒരു തടസവും ഉണ്ടായില്ല. സരിതയോടു ചിരപരിചിതരെ പ്പോലെയാണ് ജീവനക്കാർ ഇടപെട്ടത്. ഈ വഴിയിൽ എല്ലാം തന്നെ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു. ടെനി ജോപ്പനൊപ്പമാണ് സരിതയും താനും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഓഫീസിലും സിസിടിവി ക്യാമറ ഉണ്ടായിരുന്നു. ക്രഷർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ, എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് ലക്ഷ്മി നായർ എന്ന സരിത തന്നെയായിരുന്നു.
മൂന്ന് മെഗാവാട്ട് സോളാർ പദ്ധതിക്കായി എം.ഒ.യു ഒപ്പിട്ടതായും സരിത നായർ വെളിപ്പെടുത്തി. വൈദ്യുതി ക്ഷാമത്തിന് പരിഹാരം സോളാർ പദ്ധതി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താങ്കളെപ്പോലുള്ളവർ ഇത്തരം പദ്ധതികളുമായി സഹകരിക്കണം. അസോസിയേഷനിൽ ഉള്ളവരേയും ഈ പദ്ധതിയുമായി സഹകരിപ്പിക്കണം. സർക്കാർ സബ്സിഡി അടക്കമുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മുഖ്യമന്ത്രിക്ക് ഒപ്പമാണ് ലിഫ്റ്റ് ഇറങ്ങി സെക്രട്ടേറിയറ്റിന് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ എല്ലാംതന്നെ സി.സി.ടി.വികളിൽ പതിഞ്ഞിട്ടുണ്ട്. അതിനാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചിത്രങ്ങൾ മാഞ്ഞുപോയി എന്നായിരുന്നു പ്രതികരണം. -ശ്രീധരൻ നായർ പരാതിയിൽ പറയുന്നു.

Top