തിരുവനന്തപുരം : സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് തുറന്നടിച്ച് ഡിജിപി ജേക്കബ് തോമസ് . ഓഹി ചുഴലി കൊടുംങ്കാറ്റിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ആക്രമിച്ചും ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം ഇതാണ്. കേരളത്തില്‍ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും അവര്‍ക്ക് അധികാരമുണ്ടെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.ഓഖി ദുരന്തത്തിൽ എത്രപേർ മരിച്ചുവെന്നോ എത്രപേർ കടലിൽ പെട്ടിട്ടുണ്ടെന്നോ ആർക്കുമറിയില്ല. ഇക്കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരികൾ.
ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുതാര്യതയെക്കുറിച്ച് ഇപ്പോൾ ആരും മിണ്ടുന്നില്ല. 1400 കോടിയുടെ സൂനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ല. അതു നന്നായി വിനിയോഗിച്ചിരുന്നെങ്കിൽ ചെല്ലാനത്ത് ഇപ്പോൾ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അഴിമതി തുടർന്നാൽ ദരിദ്രർ ദരിദ്രരായി തുടരുകയും കയ്യേറ്റക്കാർ വമ്പൻമാരായി മാറുകയും ചെയ്യും. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ടു വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭരണം നിലവാരമില്ലാതാകുമ്പോഴാണ് വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാരിന്റെ അപ്രീതിക്കു പാത്രമായ ജേക്കബ് തോമസ് നിലവിൽ സർക്കാർ ജീവനക്കാർക്ക് വിദഗ്ധ പരിശീലനം നൽകുന്ന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറകട്റാണ്.