തിരുവനന്തപുരം: തെരുവുനായ്ക്കളുടെ കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ പോലീസ് ഒരു തീരുമാനത്തില്‍ എത്തുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് പകരം പോലീസില്‍ എടുക്കാമെന്നാണ് പറയുന്നത്. തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിക്കാനുമാണ് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ലക്ഷ്യം.
അവയെ പരിശീലിപ്പിച്ച് തീവ്രവാദി വേട്ടയ്ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതി ഡിജിപി ലോക്നാഥ് ബെഹ്റയും ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയും മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ സമര്‍പിച്ചു. തെരുവുനായ്ക്കുട്ടികളെ കണ്ടെത്തി പൊലീസ് സ്റ്റേഷനുകളോടനുബന്ധിച്ചു സംരക്ഷിക്കാനും അവയ്ക്കു പ്രതിരോധകുത്തിവയ്പ്പുകളും പരിശീലനവും നല്‍കും. പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ജമ്മുകാശ്മീരില്‍ ഉള്‍പ്പെടെ തീവ്രവാദവിരുദ്ധവേട്ടയ്ക്കു നാടന്‍നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്. നാടന്‍നായ്ക്കളുടെ ശൗര്യവും ഉറങ്ങാതെ കാവല്‍ നില്‍ക്കാനുള്ള ശേഷിയുമാണു സൈന്യത്തിന് മുതല്‍ക്കൂട്ടാകുക.
തീവ്രവാദഭീഷണി ഏറെ നേരിടുന്ന കാശ്മീരില്‍ സൈന്യത്തിന് ആവശ്യത്തിനു നായ്ക്കളെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കാനും കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാനും പദ്ധതി ഒരുപോലെ പ്രയോജനപ്പെടുമെന്നു പൊലീസ് കണക്കുകൂട്ടുന്നു.
ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും ബന്ധപ്പെട്ട വകുപ്പുകളെയും ഏകോപിപ്പിച്ച്, അവശ്യഘട്ടത്തില്‍ പൊലീസ് നേരിട്ട് ഇടപെടണമെന്നു ഡിജിപി നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ അംഗീകാരം നല്‍കുന്ന മുറയ്ക്കു പദ്ധതി പ്രാവര്‍ത്തികമാകും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും പുനരധിവസിപ്പിക്കാനും അപകടകാരികളെ ആവശ്യമെങ്കില്‍ ഇല്ലായ്മ ചെയ്യാനും പോലീസ് ഇടപെടണമെന്നു മേഖലാ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും നിര്‍ദേശം നല്‍കി.