ഷൊര്‍ണൂര്‍ എം.എല്‍.എ പികെ ശശിക്കെതിരായ ലൈംഗീക അതിക്രമ പരാതിയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നിയമോപദേശം തേടി. ഇരയാക്കപ്പെട്ട പെണ്‍കുട്ടി നേരിട്ട് പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ പരാതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി പരാതി നിയമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് വനിതാ കമ്മീഷന്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, പരാതിക്കാരിയെ സ്വഭാവദൂഷ്യമുള്ളവളും മോശക്കാരിയുമാക്കി ചിത്രീകരിക്കാന്‍ സി.പി.എമ്മിനുള്ളില്‍ ശ്രമം തുടങ്ങി. ലൈംഗികാതിക്രമ പരാതി സംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയായതോടെയാണ് ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ യുവതിക്കെതിരെ ചിലര്‍ കരുനീക്കം തുടങ്ങിയത്. ചില യുവ നേതാക്കളും യുവതിയും തമ്മിലുള്ള മോശം ബന്ധം പാര്‍ട്ടിക്ക് അങ്ങേയറ്റം അപകീര്‍ത്തിയുണ്ടാക്കുമെന്നു കാണിച്ച് ഒരു ലോക്കല്‍ സെക്രട്ടറിയില്‍നിന്നു പരാതി എഴുതിവാങ്ങിയായിരുന്നു ഇതിനുള്ള നീക്കം. ശ്രമം പുറത്താവുകയും ഡിവൈഎഫ്‌ഐ നേതാക്കള്‍ സെക്രട്ടറിക്കെതിരെ രംഗത്തുവരികയും ചെയ്തതോടെ പരാതികൊടുക്കല്‍ ഉപേക്ഷിച്ചെന്നാണ് വിവരം.
ആദ്യം ഫോണ്‍വഴിയും പിന്നീട് പാര്‍ട്ടി ഒാഫിസിലും നടത്തിയ പീഡനശ്രമത്തെക്കുറിച്ചുള്ള പരാതി പാര്‍ട്ടിതലത്തിലെത്തിക്കാന്‍ നീക്കം നടക്കുന്നതിനിടെ യുവതിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതു പ്രശ്‌നം വഷളാക്കി. തുടര്‍ന്നാണു യുവതി സംസ്ഥാന, കേന്ദ്രനേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയതെന്നാണു സൂചന. അതിനുശേഷം ഫോണ്‍വഴി ഭീഷണിയും അസഭ്യംവിളിയും ഉണ്ടായി. പരാതിയില്‍ തകൃതിയായ ഒത്തുതീര്‍പ്പുനീക്കം ആരംഭിച്ചതോടെ സിപിഎം ജനറല്‍ സെക്രട്ടറിക്കു പരാതി നല്‍കി.
വെടക്കാക്കി തനിക്കാക്കുന്ന നീചരീതിയാണു പ്രവര്‍ത്തകയോടു കാണിച്ചതെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. എല്ലാരീതിയിലും പാര്‍ട്ടിക്കു സമാന്തരമായി എംഎല്‍എ പ്രവര്‍ത്തിക്കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ടെങ്കിലും സംസ്ഥാന നേതൃത്വവുമായുള്ള അടുപ്പം കാരണം ആരും പരസ്യമായി ഒന്നും പറയാന്‍ തയാറല്ല. യുവതിയുടെ പരാതിയില്‍ തന്റെ നിരപരാധിത്വം വിശദീകരിക്കാന്‍ രണ്ടാഴ്ചമുന്‍പ് പൊളിറ്റ്ബ്യൂറോ അംഗത്തെ ഉള്‍പ്പടെ എംഎല്‍എ നേരില്‍ കണ്ടതായാണു സൂചന. ഇത്രദിവസമായിട്ടും പരാതിക്കാരിയെ കേള്‍ക്കാനുള്ള മര്യാദ നേതൃത്വം കാണിച്ചില്ലെന്നു പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം കാത്തിരിക്കുകയാണു ജില്ലാനേതൃത്വം