ധനുഷ് തര്‍ക്കം പുതിയ തലത്തിലേക്ക്! ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയോടെ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍

ചെന്നൈ :സൂപ്പര്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് അവിടെയെത്തിയ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ക്ക് നാട്ടുകാര്‍ ഉറച്ച പിന്തുണ പ്രഖ്യാപിച്ചു .മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമത്തിനു ധനുഷ്, അവരുടെ നാട്ടുകാരനായ കതിരേശന്റെ മകന്‍ കലൈചെല്‍വനാണ്. കലാമേളകളില്‍ തകര്‍പ്പന്‍ ബ്രേക്ക് ഡാന്‍സ് കളിച്ചിരുന്ന മിടുക്കന്‍. സിനിമാഭ്രാന്ത് മൂത്തു പതിനാറാം വയസ്സില്‍ വീടുവിട്ടോടിയവന്‍.തുള്ളുവതോ ഇളമൈ എന്ന സിനിമ പുറത്തുവന്ന ഉടന്‍തന്നെ അതിലെ നായകന്‍ തങ്ങളുടെ കലൈചെല്‍വനാണെന്നു വാദിച്ചവരാണ് ഇന്നാട്ടുകാര്‍. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ടു ആര്‍. കതിരേശനും ഭാര്യ മീനാക്ഷിയും കോടതിയില്‍ നടത്തുന്ന പോരാട്ടത്തിനു മാലമ്പട്ടിക്കാരുടെ പൂര്‍ണപിന്തുണ ലഭിക്കാന്‍ കാരണവും ഇതുതന്നെ. ഈ പ്രഹേളികയ്ക്കുള്ള ഉത്തരം തേടിയുള്ള യാത്ര തുടങ്ങേണ്ടതു മധുര പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മാലമ്പട്ടി എന്ന കുഗ്രാമത്തില്‍ നിന്നാണ്.
ധനുഷ് നായകനായ ആടുകളം സിനിമയിലെ ഗ്രാമത്തെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയാണു മാലമ്പട്ടിക്ക്. പാടങ്ങള്‍ക്കു കരിമ്പനകള്‍ അതിരുകാക്കുന്നു. അവയില്‍ ആരുടെയോ തിരിച്ചുവരവിനു വിരുന്നൊരുക്കിയെന്നപോലെ നിറഞ്ഞുതുളുമ്പുന്ന തേന്‍കൂടുകള്‍. ഇവിടെയാണ് ശിവഗംഗ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ സ്റ്റോര്‍ കീപ്പറായ കതിരേശന്റെയും ഭാര്യ മീനാക്ഷിയുടെയും താമസം. നിങ്ങള്‍ കൊടി സിനിമ കണ്ടിട്ടില്ലേ? എന്റെ അതേ മുഖമല്ലേ കലൈചെല്‍വന്? കതിരേശന്‍ ചോദിക്കുന്നു. കതിരേശന്റെയും മീനാക്ഷിയുടെയും നാവിനു ധനുഷ് എന്ന പേര് അത്ര വഴങ്ങില്ല. വലത്തെ നെറ്റിയില്‍ പുരികത്തിനു മുകളിലായി വിരലോടിച്ചു കതിരേശന്‍ വീണ്ടും പറയുകയാണ്. എന്നാല്‍ ലേസര്‍ ചികിത്സ ഉപയോഗിച്ച് ധനുഷ് പാടുകള്‍ മായ്ച്ചുവെന്നും കതിരേശന്‍ പറയുന്നു.

എന്റെ നെറ്റിയിലെ ഈ അടയാളം കണ്ടോ? ജന്മനാ ഉള്ളതാണ്. ഇത് അതേപടി കലൈചെല്‍വനുമുണ്ട്. തുള്ളുവതോ ഇളമൈയിലും കൊടിയിലും ഉള്ളതു ഞങ്ങളുടെ മകന്‍ കലൈചെല്‍വനാണ്, ധനുഷ് അല്ല. അതു സ്വന്തം മകനാണെന്നു പറഞ്ഞ് അവനെ വളര്‍ത്താന്‍ സംവിധായകന്‍ കസ്തൂരിരാജ ഇട്ട പേര്. പിരിച്ചുവച്ച കൊമ്പന്‍മീശയാണു കതിരേശന്. തമിഴ് സ്‌റ്റൈലില്‍ വരയന്‍ പാവാടക്കൈലി ഉടുത്തിരിക്കുന്നു. നീണ്ട കോലന്‍മുടി. അല്‍പം ചെരിവുള്ള മൂക്ക്. വേഗത്തില്‍ സംസാരിക്കുമ്പോള്‍ ചുണ്ട് ഒരുവശത്തേക്കു നീങ്ങും. ചെറിയൊരു നാണം വിരിയും. എവിടെയൊ കണ്ടുമറന്നെന്ന പോലെയുള്ള മുഖഭാവം.മേലുരിലെ ആര്‍സി മിഡില്‍ സ്കൂളിലാണ് ധനുഷ് എന്ന കലൈചെല്‍വന്‍ എട്ടാം ക്ലാസ് വരെ പഠിച്ചതെന്ന് കതിരേശനും മീനാക്ഷിയും അവകാശപ്പെടുന്നു. കലൈചെല്‍വനെ തിരിച്ചറിയാവുന്ന അധ്യാപകര്‍ ഇപ്പോഴും ഇവിടുണ്ടെന്നും എന്നാല്‍ ഇവിടെ എട്ടാം ക്ലാസ് വരയേ കതിരേശന്‍ പഠിച്ചിട്ടുള്ളൂവെന്നും ദമ്പതികള്‍ പറയുന്നു. കതിരേശനെപ്പോലെ തന്നെ ധനുഷ് എന്ന പേരിനോട് ഇവിടുത്തെ അധ്യാപകര്‍ക്കും അത്ര താത്പര്യമില്ല.1985 നവംബര്‍ ഏഴിനു മധുര ഗവ. രാജാജി ആശുപത്രിയിലാണു കതിരേശന്റെയും മീനാക്ഷിയുടെയും മൂത്ത മകനായി കെ. കലൈചെല്‍വന്റെ ജനനം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ധനഭാഗ്യം എന്ന മകളും ഉണ്ടായി. സ്വന്തമായി വീടില്ലാത്തതിനാല്‍ മാലമ്പട്ടിയിലും മേലൂരിലുമായി വാടകവീടുകളിലായിരുന്നു കുടുംബത്തിന്റെ താമസം. മാലമ്പട്ടിയില്‍ കലൈചെല്‍വന്‍ ജനിച്ച വീട് പിന്നീട് കതിരേശനും കുടുംബവും ഒഴിഞ്ഞു. പുതിയ വാടകക്കാരെ കിട്ടാത്തതിനാല്‍ ആ വീട് ഇപ്പോഴും അടഞ്ഞുകിടക്കുന്നു. രണ്ടാമത്തെ വാടകവീട്ടില്‍വച്ചാണു കലൈചെല്‍വന്‍ നാടുവിടുന്നത്.dhanush-12

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാഭ്രാന്ത് മൂത്ത് നാടുവിട്ട കലൈചെല്‍വന്‍ തന്നെയാണ് ധനുഷെന്ന കാര്യത്തില്‍ അവിടെയുള്ള ചായക്കടക്കാര്‍ക്കു പോലും സംശയമില്ല. കലൈചെല്‍വനാണു ധനുഷ് എന്ന സത്യം എല്ലാവരെയും അറിയിക്കണം എന്നാണ് നാട്ടുകാരുടെ ആഗ്രഹം. അതിന് എവിടെ സാക്ഷി പറയാനും ഞങ്ങള്‍ തയാര്‍. അവര്‍ക്കെല്ലാം ഒരേശബ്ദം. എല്‍പി ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെ മൂന്നു സ്കൂളുകളിലായി നടന്ന പഠനം, കുട്ടിക്കാലത്തു വാടകവീടുകളില്‍ മാറിമാറി താമസം. മാലമ്പട്ടിയില്‍നിന്നു കാണാതായ കലൈചെല്‍വന് അടുത്ത കളിക്കൂട്ടുകാര്‍ ആരുമില്ല.ശിവഗംഗയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ കല്ലൂരണി എന്നൊരു നാടുണ്ട്. കതിരേശന്റെ തറവാടിരുന്ന ഗ്രാമം. അവിടെയാണു സീതാപതി എന്ന പെന്‍ഷന്‍കാരന്‍ വിശ്രമജീവിതം നയിക്കുന്നത്. കലൈചെല്‍വന്‍ പ്ലസ് വണ്ണില്‍ ഒരുമാസം പഠിച്ച തിരുപ്പത്തൂര്‍ അറുമുഖംപിള്ളൈ സീതമ്മാള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലെ വാര്‍ഡനായിരുന്നു സീതാപതി. താന്‍ പറഞ്ഞിട്ടാണു കതിരേശന്‍ കലൈചെല്‍വനെ തിരുപ്പത്തൂര്‍ സ്കൂളില്‍ ചേര്‍ക്കുന്നതെന്നും സീതാപതി പറയുന്നു. പ്ലസ്ടുവിനു സയന്‍സ് ഗ്രൂപ്പ് എടുത്തത് അവന് ഇഷ്ടമായിരുന്നില്ലെന്നും ഹോസ്റ്റലില്‍ നിന്ന് എങ്ങനെയും വീട്ടില്‍ പോകണമെന്നേ അവനുള്ളായിരുന്നെന്നും സീതാപതി വ്യക്തമാക്കുന്നു.

കൂട്ടുകാരോടെല്ലാം എനിക്കു സിനിമയില്‍ അഭിനയിക്കണമെന്നും ഇവിടെനിന്ന് ഇറങ്ങിപ്പോകും എന്നും പറഞ്ഞുകൊണ്ടേയിരിക്കും. ഒരു വെള്ളിയാഴ്ച ഹോസ്റ്റലില്‍നിന്നു വീട്ടിലേക്കെന്നു പറഞ്ഞുപോയതാണ്. പിറ്റേദിവസം കത്തെഴുതിവച്ചു വീട്ടില്‍നിന്നിറങ്ങി. പിന്നെ ആരും അവനെ കണ്ടിട്ടില്ല. നടന്‍ ധനുഷ് തന്നെയാണു കാണാതായ കലൈചെല്‍വന്‍ എന്നു കതിരേശനും മീനാക്ഷിയും പറയുന്നു. രക്തം രക്തത്തെ തിരിച്ചറിയും. അവര്‍ക്കു നുണ പറയേണ്ട കാര്യമില്ലല്ലോ. സീതാപതി പറയുന്നു. 2002 ജൂലായില്‍ കലൈചെല്‍വനെ കാണാതായതു മുതല്‍ മകനെ അന്വേഷിച്ചു കതിരേശനും മീനാക്ഷിയും നടക്കാത്ത വഴികളില്ല. തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും തുണിമില്ലുകളില്‍ അവനെത്തേടി മാസങ്ങളോളം അലഞ്ഞു.dhanushk

2003ല്‍ തുള്ളുവതോ ഇളമൈയിലെ പാട്ടുകള്‍ ടിവിയില്‍ കണ്ട നാട്ടുകാരാണു തമിഴ്‌സിനിമയിലെ പുതുമുഖനടന്‍ ധനുഷ് കലൈചെല്‍വന്‍ തന്നെ എന്ന വാദം ആദ്യം ഉന്നയിക്കുന്നത്. ധനുഷിന്റെ നൃത്തച്ചുവടുകള്‍ കണ്ടപ്പോള്‍ മീനാക്ഷിയും കതിരേശനും ഉറപ്പിച്ചു, ഇതു കലൈചെല്‍വന്‍ തന്നെ. പിന്നീട് ചെന്നൈയില്‍ ധനുഷിന്റെ പിതാവായ കസ്തൂരിരാജയുടെ വീട്ടിലെത്തി ധനുഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ദമ്പതികള്‍ പറയുന്നു.ആദ്യസിനിമ ഇറങ്ങിയ ഉടന്‍ ഒരു ചാനലില്‍ വന്ന അഭിമുഖത്തില്‍, തന്റെ നാട് മധുരയ്ക്കടുത്തു മേലൂരില്‍ ആണെന്നു ധനുഷ് പറഞ്ഞിരുന്നതായും അവര്‍ അവകാശപ്പെടുന്നു. ധനുഷിനെ നേരില്‍ക്കാണാന്‍ കതിരേശനും മീനാക്ഷിയും പലകുറി ശ്രമിച്ചു. മേലൂരിനടുത്ത് ആടുകളത്തിന്റെ ചിത്രീകരണസ്ഥലത്തെത്തിയ ഇവരെ സിനിമാക്കാര്‍ തടഞ്ഞു. ഒടുവില്‍ ബന്ധുവായ ഒരു അധ്യാപകന്‍ വഴി മധുരയിലെ എസ്. ടൈറ്റസ് എന്ന അഭിഭാഷകനെ ബന്ധപ്പെട്ടു. 2016ഒക്ടോബറില്‍ മേലൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ടൈറ്റസ് വക്കീല്‍ സൗജന്യമായാണ് ഇവര്‍ക്കായി കേസ് വാദിക്കുന്നത്. മധുര ഹൈക്കോടതിക്കു സമീപം ഒത്തക്കട ജംക്ഷനില്‍ ടൈറ്റസ് വക്കീലിന്റെ ഓഫിസ്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡംകാരനാണ്. കുറെ മലയാളികള്‍ ബന്ധുക്കളായുണ്ട്. നന്നായി മലയാളം പറയും.

ധനുഷിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടു എസ്. ടൈറ്റസ് നിരത്തുന്ന വാദങ്ങള്‍ ഇങ്ങനെ : സംവിധായകന്‍ കെ. കസ്തൂരിരാജയുടെയും ഭാര്യ വിജയലക്ഷ്മിയുടെയും മകനായ ധനുഷ് എന്ന ആര്‍.കെ. വെങ്കടേശപ്രഭുവിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ചവര്‍ക്കെല്ലാം ഇതു നിര്‍ബന്ധമായിരുന്നിട്ടും സര്‍ട്ടിഫിക്കറ്റില്‍ കാണാനില്ല. വെങ്കടേശപ്രഭുവിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ല. മെട്രിക്കുലേഷന്‍ എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന വെങ്കടേശപ്രഭു എന്ന പേരിന്റെ സ്‌പെല്ലിങ്ങും ഇനിഷ്യലും ടിസിയിലേതില്‍നിന്നു വ്യത്യസ്തമാണ്. ടിസിയില്‍ വെങ്കടേശപ്രഭുവിന്റെ ജാതിക്കോളത്തില്‍ പട്ടികജാതി എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, കസ്തൂരിരാജയും വിജയലക്ഷ്മിയും ബിസി വിഭാഗത്തില്‍പ്പെടുന്നവരാണ്. കസ്തൂരിരാജ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫാമിലി കാര്‍ഡ് പ്രകാരം വെങ്കടേശപ്രഭു എന്ന ധനുഷിനു 2005ല്‍ 29 വയസ്സാണ്. 1983ല്‍ ജനിച്ച ധനുഷിന് 2005ല്‍ 22 വയസ്സേ ഉണ്ടാകുകയുള്ളൂ. വെങ്കടേശപ്രഭു കസ്തൂരിരാജയുടെ അടുത്ത സുഹൃത്തായ ആര്‍. കൃഷ്ണമൂര്‍ത്തിയുടെ മകനാണെന്നും ധനുഷിനു പാസ്‌പോര്‍ട്ട് ശരിയാക്കാനായി വെങ്കടേശപ്രഭുവിന്റെ വിവരങ്ങള്‍ ഉപയോഗിച്ചു ധൃതിയില്‍ തയാറാക്കിയപ്പോഴാണു രേഖകളില്‍ പിശകു വന്നതെന്നും ഇവയെല്ലാം വ്യാജമാണെന്നും അഡ്വ. ടൈറ്റസ് ആരോപിക്കുന്നു.

സൂപ്പര്‍താരത്തെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ ദമ്പതികള്‍ക്കു പിന്നില്‍ ഗൂഢശക്തികളുണ്ടോ? ആര്‍. കൃഷ്ണമൂര്‍ത്തി എന്ന സുഹൃത്ത് കസ്തൂരിരാജയ്ക്ക് ഉണ്ടോ? കസ്തൂരിരാജയുടെ ഫാമിലി കാര്‍ഡ് പ്രകാരം ഇന്ന് 41വയസ്സുള്ള വെങ്കടേശപ്രഭു ആരാണ്? ഒരാളുടെ തിരിച്ചറിയല്‍ രേഖകളില്‍ ഇത്രയധികം തെറ്റുകള്‍ എങ്ങനെ വന്നു? ധനുഷിന്റെ ബാല്യകാല സുഹൃത്തുക്കളും സഹപാഠികളും എവിടെ? മധുരയിലെ ദമ്പതികള്‍ പറയുന്നത് സത്യമല്ലെങ്കില്‍ യഥാര്‍ഥ കലൈചെല്‍വന്‍ എവിടെ? ഇങ്ങനെ ഒരു പിടി ചോദ്യങ്ങള്‍. ധനുഷ് സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുമോയെന്ന ചോദ്യമാണ് അവസാനമായി അവശേഷിക്കുന്നത്

Top