ഭോപ്പാല്‍: കര്‍ണാടകത്തില്‍ പരീക്ഷിച്ച് വിജയിച്ച ‘ഓപ്പറേഷന്‍ ലോട്ടസ്’ ബിജെപി മറ്റ് സംസ്ഥാനങ്ങളിലേക്കും പയറ്റാനൊരുങ്ങുന്നു .കർണാടകയിലെ ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസിന്’ സമാനമായി മധ്യപ്രദേശിലും കുതിരക്കച്ചവടത്തിനു കാഹളം മുഴങ്ങി .രാജ്യസഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും പടിവാതിലില്‍ എത്തിയതോടെ വീണ്ടുമൊരു ഓപ്പറേഷന്‍ ലോട്ടസിന് മധ്യപ്രദേശില്‍ കളമൊരുങ്ങുകയാണെന്നാണ് വിവരം. മൂന്ന് രാജ്യസഭ സീറ്റുകളിലാണ് ഏപ്രിലില്‍ ഒഴിവ് വരുന്നത്.ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വെളിപ്പെടുത്തിയിരിക്കുന്നത്. 23 മുതല്‍ 35 കോടി വരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപിയുടെ ഓഫര്‍ എന്നും ദിഗ്വിജയ് സിംഗ് പറയുന്നു. 15 വർഷത്തിനു ശേഷം അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ രഹസ്യമായി ആരോപിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കമൽ നാഥ് ഇത് ചിരിച്ചുതള്ളുകയാണ്.
കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടമായ മഹാരാഷ്ട്രയില്‍ ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് നേതാക്കള്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ മാത്രമല്ല മധ്യപ്രദേശിലും ബിജെപി ഓപ്പറേഷന്‍ താമര പുറത്തെടുക്കുമെന്നാണ് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ 23 മുതല്‍ 35 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.
15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് 2019 ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ അന്ന് മുതല്‍ക്ക് തന്നെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെ ഇത്തരം ശ്രമങ്ങള്‍ ബിജെപി താല്‍ക്കാലികമായി ഉപേക്ഷിച്ചു.ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുകയാണ്. നരോത്തം മിശ്ര ഉപമുഖ്യമന്തരിയാകുമെന്നും. ഇത്രയും കാലം സംസ്ഥാനം കൊള്ളയടിച്ച ബിജെപി ഇനി കോണ്‍ഗ്രസ് എംഎല്‍എമാരെ പാട്ടിലാക്കാനാണ് ശ്രമിക്കുന്നത്, അതും കോടികള്‍ വീശി, ദിഗ്വിജയ് സിംഗ് പറഞ്ഞു.അഞ്ച് കോടിയാണ് അഡ്വാന്‍സ് തുക. രാജ്യസഭ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ ബാക്കി തുകയെന്നാണ് ബിജെപിയുടെ ഡീല്‍. സര്‍ക്കാരിനെ താഴെയിറക്കുന്നതോട് കൂടി ബാക്കി കോടികള്‍ എംഎല്‍എമാരുടെ കൈകളില്‍ എത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്നും സിംഗ് പറഞ്ഞു.
എന്നാല്‍ കര്‍ണാടക പോലെയല്ല മധ്യപ്രദേശ്. മധ്യപ്രദേശില്‍ എംഎല്‍എമാരെ വില്‍പ്പനയ്ക്ക് വെച്ചതല്ല. തന്‍റെ കൈയ്യില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ട്. തെളിവില്ലാത്ത ആരോപണങ്ങള്‍ താന്‍ ഉന്നയിക്കാറില്ലെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.കോണ്‍ഗ്രസിലേക്ക് ബിജെപിയില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് ദിഗ്വിജയ് സിംഗിന്‍റെ ആരോപണമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗിതിയെ ചൊല്ലിയിലും ബിജെപി നേതൃത്വവുമായി ചില മുതിര്‍ന്ന എംഎല്‍എമാര്‍ ഇടഞ്ഞ് നില്‍ക്കുന്നുണ്ട്. ഇവരും ഏത് നിമിഷവും കോണ്‍ഗ്രസിലേക്ക് പോയേക്കുമെന്ന അഭ്യൂഹം ഉണ്ട്. ബിജെപിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ശക്തമാക്കിയതെന്നാണ് ആരോപണം.
മധ്യപ്രദേശില്‍ ഒഴിവ് വരുന്ന മൂന്നാമത്തെ രാജ്യസഭ സീറ്റിലേക്കുള്ള കോണ്‍ഗ്രസ് വിജയം എളുപ്പമാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ബിജെപി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം ദിഗ്വിജയ് സിംഗിന്‍റെ ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി.ദിഗ്വിജയ് സിംഗിന്‍റെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ അദ്ദേഹം കൊണ്ടുവരട്ടേയെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാനും ദിഗ്വിജയ് സിംഗിനെതിരെ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തി നിലനിർത്താൻ വേണ്ടിയാണ് ദിഗ്വിജയ് സിംഗ് ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ ഇറക്കുന്നതെന്ന് ചൗഹാന്‍ പറഞ്ഞു.
‘എംഎൽഎമാരെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടാകും. പക്ഷേ എനിക്ക് കോൺഗ്രസ് എംഎൽഎമാരിൽ മാത്രമല്ല, പിന്തുണ നൽകുന്ന മറ്റുള്ളവരിലും വിശ്വാസമുണ്ട്’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് കമൽനാഥ് പ്രതികരിച്ചത് ഇങ്ങനെയാണ് . 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസിന് 114 ഉം ബിജെപിക്ക് 109 ഉം എംഎൽഎമാരാണുള്ളത്.രണ്ട് ബിഎസ്പി എംഎൽഎമാരുടെയും ഒരു എസ് പി എംഎൽഎയുടെയും 4 സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനുണ്ട്.