മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം കോടതിയില്‍ പിടിവള്ളിയാകും; ‘ഓണ്‍ ചെയ്യൂ..’ എന്ന് പറഞ്ഞതാരെന്ന് കണ്ടെത്താത്ത പൊലീസിന് പണിയാകും; കേസ് കെട്ടിച്ചമച്ചതെന്ന് വാദം

കൊച്ചി: മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം കോടതിയില്‍ പിടിവള്ളിയാക്കാന്‍ ഉരുങ്ങി ദിലീപ്. കഴിഞ്ഞ ദിവസം കുറ്റപത്രം ചോര്‍ന്ന കേസ് അന്വേഷണ സംഘത്തിന് താക്കീത് നല്‍കി കോടതി അവസാനിപ്പിച്ചിരുന്നു. ഇത് ദിലീപ് പക്ഷത്തിന്റെ വിജയമായിട്ടാണ് നിരീക്ഷിക്കുന്നത്. കൂടാതെ രണ്ടാം പ്രതി മാര്‍ട്ടിന്‍ കടക വിരുദ്ധമായ മൊഴി നല്‍കിയതും ദിലീപിന് ആശ്വാസം നല്‍കുന്നുണ്ട്. ഈ അവസരത്തിലാണ് മെമ്മറി കാര്‍ഡില്‍ കേള്‍ക്കുന്ന സ്ത്രീശബ്ദം മുഖ്യ വാദമാക്കാന്‍ നടന്‍ ഒരുങ്ങുന്നത്.

തന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരുടെ കടുത്ത ഫാനായിരുന്നു സന്ധ്യ. മഞ്ജുവുമായുള്ള വിവാഹ മോചനത്തിന്റെ പകവീട്ടാന്‍ കെട്ടിചമച്ചതാണ് നടിയെ ആക്രമിച്ച കേസ്. ഇതിന് സിനിമയിലെ ചിലരും കൂട്ടുനിന്നുവെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഇത് വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് നീക്കം. ഇതിനൊപ്പം പലതും കേസില്‍ പൊലീസ് വിട്ടുകളഞ്ഞുവെന്ന് കണ്ടെത്തുക കൂടിയാണ് ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള. വിചാരണയിലൂടെ തന്റെ കക്ഷികളെ കേസില്‍ നിന്ന് രക്ഷിച്ചെടുക്കുന്ന മാന്ത്രികത രാമന്‍പിള്ള വക്കീലിനുണ്ട്. ദിലീപ് കേസിലും പഴുതുകള്‍ രാമന്‍പിള്ള വക്കീല്‍ കണ്ടെത്തി കഴിഞ്ഞു. മാഡത്തെ വിട്ട് ജനപ്രിയ നായകനെ കുരുക്കുകയാണെന്നാണ് രാമന്‍പിള്ള വക്കീലിന്റെ വാദം. ഇതുമായി ഉടന്‍ ദിലീപ് ഹൈക്കോടതിയിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ ‘സ്ത്രീ ശബ്ദ’മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിധി കേസില്‍ അതീവ നിര്‍ണ്ണായകമാകും. ആവശ്യം കോടതി തള്ളിയാല്‍ ഹൈക്കോടതിയിലേക്ക് മാറും. മെമ്മറി കാര്‍ഡ് കിട്ടിയാലും പോരാട്ടം ഹൈക്കോടതിയിലേക്ക് എത്തിക്കാനാണ് തീരുമാനം. ‘സ്ത്രീശബ്ദം’ എന്ന കച്ചിത്തുരുമ്പാക്കുകയാണ് രാമന്‍പിള്ള വക്കീല്‍. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക.

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഓണ്‍ ചെയ്യൂ…’ എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ആരോപണം. ഈ ശബ്ദത്തെ പറ്റി പൊലീസ് അന്വേഷിച്ചതു പോലുമില്ല. മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം രഹസ്യമാക്കാനാണ് തെളിവുകള്‍ ദിലീപിന് നല്‍കാത്തതെന്നാണ് ആക്ഷേപം. ചില ഉന്നത ഇടപെടലുകള്‍ നടന്നിട്ടുണ്ട്. തനിക്കെതിരായ തെളിവുകള്‍ കിട്ടേണ്ടത് തന്റെ അവകാശമാണെന്നും ദിലീപ് വാദിക്കും.

മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിക്കുന്നത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു. ഇതിന് പിന്നിലും കള്ളക്കളിയുണ്ട്. ഈ ഓഡിയോ കിട്ടിയാല്‍ കുറ്റപത്രം റദ്ദാക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.

മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ കോടതി നടപടികള്‍ ഏകദേശം അവസാനിച്ച ഘട്ടത്തിലാണു എഡിജിപി തിരുവനന്തപുരം റേഞ്ച് എഡിജിപി സ്ഥാനത്ത് നിന്ന് സന്ധ്യയെ മാറ്റിയത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദത്തിലാണ് ഇതെന്നും സൂചനയുണ്ട്. എന്നാല്‍, നടിക്കേസിലെ മേല്‍നോട്ടച്ചുമതലയില്‍നിന്ന് സന്ധ്യയെ ഉടന്‍ ഒഴിവാക്കില്ല. അന്വേഷണവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കേസിലെ എല്ലാ ചോദ്യം ചെയ്യലുകളും സന്ധ്യയുടെ സാന്നിധ്യത്തിലായിരുന്നു. ദിലീപിനു ജാമ്യം ലഭിച്ചതും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതും പ്രത്യേക അന്വേഷണ സംഘത്തിനു തിരിച്ചടിയായി. കൃത്യമായ തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന് ആക്ഷേപം നിലനില്‍ക്കവെയാണു സ്ഥാനചലനം എന്നതും ശ്രദ്ധേയമാണ്.

താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജാണ് സന്ധ്യയുടെ പുതിയ തട്ടകം. എസ്പി. റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സാധാരണ ഈ തസ്തികയില്‍ എത്താറുള്ളത്. എ.ഡി.ജി.പിയെ തരംതാഴ്ത്തി നിയമിച്ചുവെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. ജിഷ കേസിന്റെ അന്വേഷണച്ചുമതല വഹിച്ച സന്ധ്യയെ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചിരുന്നു. നടിക്കേസിലെ മൊഴികള്‍ ചോര്‍ന്നതും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതും അന്വേഷണ സംഘത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ നിലപാട്.

Top