ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ പൊലീസ്: കാവ്യയുടെ മൊഴി നിർണ്ണായകമാകും; ദിലീപിനെതിരെ ശക്തമായ മൊഴിയുമായി താരങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: നടിക്കെതിരായ ഗൂഡാലോചന കേസിൽ ദിലീപിനെ കുരുക്കാൻ പൊലീസ് ഉപയോഗിക്കുന്നത് ഭാര്യയുടെ മൊഴി. കാവ്യമാധവനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച ചില വിവരങ്ങളാണ് പൊലീസ് ദിലീപിനെതിരെ ഇപ്പോൾ ഉപയോഗിക്കുന്നത്. ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിൽ ശത്രുതയുണ്ടായിരുന്നു എന്നു തെളിയിക്കുന്നതിനു ആവശ്യമായ തെളിവ് കാവ്യ അടക്കമുള്ള താരങ്ങളിൽ നിന്നു ശേഖരിക്കുന്നതിനാണ് പൊലീസ് ഇപ്പോൾ ഒരുങ്ങുന്നത്.
ദിലീപിന്റെയും ആദ്യ ഭാര്യമഞ്ജു വാര്യരുടെയും ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് കാവ്യയുമായുള്ള ബന്ധമാണെന്നു കൃത്യമായ സൂചന കൂടിയിട്ടുണ്ട്. ഇതിനു കാരണക്കാരിയായത് ആക്രമണത്തിനിരയായ നടിയാണെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. അതുകൊണ്ടു തന്നെ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള തർക്കത്തിന്റെ വ്യക്തമായ സൂചന കണ്ടെത്തുന്നതിനാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്തുന്നതിനു വേണ്ടിയാണ് പൊലീസ് സംഘം കൂടുതൽ ആളുകളിലേയ്ക്കു അന്വേഷണം വ്യാപിപ്പിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പൊലീസ് സംഘം കാവ്യാമാധവനെ ചോദ്യം ചെയ്തപ്പോൾ ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള ശത്രുത സംബന്ധിച്ചു വിവരം പൊലീസിനു ലഭിച്ചിരുന്നു. മഴവിൽ അഴകിൽ അമ്മ എന്ന പ്രോഗ്രാമിനിടയിലും, ഇതിനു ശേഷം വിവിധ സ്ഥലങ്ങളിൽ വച്ചും ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടാതായും കാവ്യ മൊഴി നൽകിയിട്ടുണ്ട്. ഇതുകൂടാതെ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങൾ സംബന്ധിച്ചു മഞ്ജു വാര്യർ, അജുവർഗീസ്, ഇടവേള ബാബു, നമിതാ പ്രമോദ്, റിമി ടോമി എന്നിവരുടെ മൊഴികളും പൊലീസ് ശേഖരിക്കുന്നുണ്ട്. ദിലീപുമായി ഏറെ അടുപ്പമുള്ള ഇവരുടെ മൊഴികൾ പൊലീസിനു നിർണ്ണായക തെളിവാകുമെന്നാണ് സൂചന.
ദിലീപിനെതിരെ ഇപ്പോൾ നിർണ്ണായക മൊഴി നൽകിയിരിക്കുന്നത് മഞ്ജുവാര്യർ മാത്രമാണ്. എന്നാൽ, മഞ്ജുവിന്റെ മൊഴി മാത്രം മുഖവിലയ്‌ക്കെടുക്കാൻ പൊലീസിനു സാധിക്കില്ല. കാരണം ദിലീപും മഞ്ജുവും തമ്മിൽ ബന്ധം വേർപിരിഞ്ഞതു കൊണ്ടു തന്നെ ഇരുവരും തമ്മിൽ ശത്രുതയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പ്രതിഭാഗത്തിനു വാദിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ദിലീപുമായി അടുപ്പമുള്ളവരിൽ നിന്നു ദിലീപിനു അനുകൂലമെന്നു കരുതുന്ന രീതിയിൽ എതിരായ മൊഴി ശേഖരിക്കുന്നതിനാണ് നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top