കമ്മാര സംഭവത്തില്‍ ദിലീപിന്റെ അമ്മ; മോഹന്‍ലാലില്‍ മഞ്ജുവിന്റെ അമ്മ; നടി തിരക്കിലാണ്

നായിക വേഷത്തില്‍ തിളങ്ങിയില്ലെങ്കിലും അമ്മ വേഷത്തില്‍ മാറ്റുരച്ച നടിയാണ് അഞ്ജലി നായര്‍. തന്നേക്കാള്‍ പ്രായമുള്ള നടന്മാരുടെ അമ്മ വേഷം അതിമനോഹരമായാണ് അഞ്ജലി അഭിനയിച്ച് തകര്‍ക്കുന്നത്. ഇപ്പോള്‍ ദിലീപിന്റെയും മഞ്ജുവിന്റെയും അമ്മയായി മാറിയിരിക്കുകയാണ് അഞ്ജലി നായര്‍.രണ്ട് ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കമ്മാര സംഭവത്തിന്റെ സംവിധായകന്‍ രതീഷ് അമ്പാട്ടിനും മോഹന്‍ലാലിന്റെ സംവിധായകന്‍ സാജിദിനും നന്ദിയുണ്ടെന്നും അഞ്ജലി പറഞ്ഞു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകനില്‍ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ കമ്മാരസംഭവത്തില്‍ അവസരം ലഭിക്കില്ലായിരുന്നെന്നും താരം പറയുന്നു. പുലിമുരുകനിലെ അതേ ടീം തന്നെയാണ് കമ്മാരംസംഭവത്തിലും എത്തുന്നത്. പുലിമുരുകനില്‍ അച്ഛന്‍ കഥാപാത്രം അവതരിപ്പിച്ച സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് ദിലീപിന്റെ അച്ഛനായും ചിത്രത്തില്‍ എത്തുന്നത്. കൂടാതെ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ച അജാസ് തന്നെയാണ് ദിലീപിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത്. മോഹന്‍ലാലില്‍ മഞ്ജുവാര്യരുടെ അമ്മയായിട്ടാണ് അഞ്ജലി എത്തുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യയായിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങളെക്കുറിച്ച് സാജിദ് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ മഞ്ജു വാര്യരുടെ അമ്മ വേഷം ചോദിച്ച് വാങ്ങിയതാണെന്നും നടി വെളിപ്പെടുത്തി. ബിടെക്, വാരിക്കുഴിയിലെ കൊലപാതകം, പ്രേമസൂത്രം, പനി, ബേബി സാം, കിടു തുടങ്ങിയവയാണ് അഞ്ജലിയുടെ പുറത്തു വരാനുളള ചിത്രങ്ങള്‍.

Latest
Widgets Magazine