സിനിമയിലെ കള്ളപ്പണം: അന്വേഷണം വമ്പൻമാരെ കുടുക്കും: സിനിമാ മേഖലയെപ്പറ്റി സമഗ്ര അന്വേഷണം നടത്താൻ മോദിയുടെ നിർദേശം; കേന്ദ്ര ഇന്റലിജൻസും – ഇൻകംടാക്‌സും രംഗത്ത്

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിന്റെ അന്വേഷണം മലയാള സിനിമയിലെ വമ്പൻ താരത്തെ കുടുക്കിയതോടെ സിനിമയിലെ ഗുണ്ടാ – മാഫിയ – കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ചു കേന്ദ്ര ഇന്റലിജൻസും ആദായ നികുതി വകുപ്പുംഅന്വേഷണം ആരംഭിച്ചു. ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, അരുൺജെയ്റ്റിലിയ്ക്കും നൽകിയ നിവേദത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്് ഇടപെട്ടാണ് ആദായ നികുതി വകുപ്പിനും കേന്ദ്ര ഇന്റലിജൻസിനും നിർദേശം നടത്തിയത്. നോട്ട് നിരോധനകാലത്ത് സിനിമാ നടൻമാർ നടത്തിയ സാമ്പത്തിക ഇടപാടുകളും, കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയാളത്തിലെ പ്രമുഖ നടൻമാർ നടത്തിയ സാമ്പത്തികം അടക്കമുള്ള ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ സിനിമാ മേഖലയിലെ ഹവാല  ഭൂമി ബിനാമി ബന്ധങ്ങളെക്കുറിച്ച് റവന്യൂ ഇന്റലിജൻസും ഇൻകംടാക്ട് ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. നേരത്തെ ആരംഭിച്ച അന്വേഷണമാണ് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ശക്തമാക്കിയിരിക്കുന്നത്. മുമ്പ് അന്വേഷണം നടന്നിരുന്നെങ്കിലും സിനിമാ മേഖലയിലെ പ്രബലരുടെ സാന്നിധ്യം അന്വേഷണത്തെ ബാധിച്ചിരുന്നു. നിലവിലെ സാഹചര്യം അന്വേഷണത്തിന് കൂടുതൽ അവസരം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ സിനിമാ മേഖലയിലുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതടക്കമുള്ള നടപടിയിലേക്ക് അന്വേഷണ ഏജൻസികൾ നീങ്ങും.
ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ കഴിഞ്ഞ പത്തുവർഷത്തെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം ദിലീപിനോട് ഇക്കാര്യം ആവർത്തിച്ച് ചോദിച്ചതായാണ് അറിയുന്നത്. കുടുംബ ജീവിതം തകർന്നതിലെ വൈരാഗ്യമാണ് അക്രമിക്കപ്പെട്ട നടിയോടുള്ള പകയ്ക്ക് കാരണമെന്ന് ദിലീപ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഇത് മുഖവിലയ്ക്കെടുക്കാതെ അന്വേഷണ സംഘം അക്രമണത്തിന് പിന്നിൽ താരത്തിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളാണോ എന്നാണ് സംശയിക്കുന്നത്.
ഭൂമി ഇടപാടിൽ കൂടുതൽ വ്യക്തത വരുത്താൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്നോ തൊട്ടടുത്ത ദിവസമോ മൊഴിയെടുക്കൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. കാവ്യയുടെ അമ്മയിൽ നിന്നും മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കാവ്യാ മാധവന്റെ ഓൺലൈൽ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ വച്ച് കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി പണമിടപാടോ മറ്റോ നടത്തിയിട്ടുണ്ടോ എന്ന കാര്യവും ഇവരിൽ നിന്ന് പൊലീസ് ചോദിച്ചറിയും. കേസിൽ കാവ്യയ്ക്കും മാതാവിനും എന്തെങ്കിലും പങ്കുണ്ടോ, ഇരുവർക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. ലക്ഷ്യ കേന്ദ്രീകരിച്ചും അന്വേഷണം തുടരും. സുനിൽകുമാർ ഇവിടെ എത്തിയിരുന്നോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം. സ്ഥാപനവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും വീണ്ടും പരിശോധിക്കും. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും കൂടുതൽ വിശദമായ അന്വേഷണം നടക്കുക. കൃത്യം നടന്നതിന് മുമ്പ് സുനി ഇവിടെ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ, കൃത്യത്തിന് ശേഷം മെമ്മറി കാർഡ് കൊണ്ടുവന്നോ, വന്നെങ്കിൽ അത് ആരുടെ കയ്യിൽ കൊടുത്തു തുടങ്ങിയ വിവരങ്ങളാണ് കാവ്യാ മാധവനിൽ നിന്നും മാതാവിൽ നിന്നും പൊലീസ് ചോദിച്ചറിയുക. ക്വട്ടേഷൻ പ്രകാരം ഒന്നരകോടി രൂപ ലഭിക്കുമെന്നാണ് പൾസർ സുനി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. പദ്ധതി വിജയിച്ചാൽ ക്വട്ടേഷൻ നൽകിയ ആൾക്ക് 62 കോടി ലാഭമുണ്ടാകുമെന്നു സുനി വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഗൂഢാലോചന കേസിൽ ദീലീപ് അറസ്റ്റിലാകുമ്പോൾ ഈ 62 കോടിയുടെ ലാഭം എങ്ങിനെ ലഭിക്കുമെന്ന അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ അടുത്ത് സുഹൃത്ത് നാദിർഷയുടെയും മാനേജർ അപ്പുണ്ണിയുിടെയും പണമിടപാടുകളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചുട്ടുണ്ട്. നാദിർഷയെയും  അപ്പുണ്ണിയെയും അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചനയുണ്ട്.  ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് മുൻഭാര്യ മഞ്ജുവാര്യരോട് അന്വേഷണസംഘം വിവരങ്ങൾ ആരാഞ്ഞതായി വാർത്തകളുണ്ടായിരുന്നു. അതിൽ നിന്ന് നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top