നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നേരത്തേ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം നിഷേധിച്ച ദിലീപ് ഇത്തവണ കോടതി വിധി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുമെന്നുള്ള പ്രതീക്ഷയിലാണ്. ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും. കേസില്‍ ദിലീപ് ജയിലിലായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനിടെ ഒരു തവണ മാത്രമാണ് താരത്തെ പുറത്തു പോവാന്‍ അനുവദിച്ചത്. ദിലീപ് ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകളെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ഇത്തവണ ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ താരം അങ്കമാലി കോടതിയെ സമീപിച്ചെങ്കിലും ഇതു തള്ളുകയായിരുന്നു. സ്വാഭാവിക ജാമ്യത്തിന് ദിലീപിന് അര്‍ഹതയുണ്ടെന്നൊണ് താരത്തിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള ജാമ്യാപേക്ഷയില്‍ പറയുന്നത് . ഗൂഡാലോചനക്കുറ്റം മാത്രമാണ് തനിക്കെതിരേയുള്ളതെന്നും 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ തനിക്കു ജാമ്യത്തിന് അവകാശമുണ്ടെന്നും താരം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 60 ദിവസത്തോളമായി താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. നടിയുടെ നഗ്നചിത്രം പകര്‍ത്താനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നതു മാത്രമാണ് തനിക്കെതിരേയുള്ള കുറ്റം. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന കേസിലെ അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ അങ്കമാലി കോടതിയെ അറിയിച്ചു. കേസിലെ മറ്റു പ്രതികളാണ് നടിയെ പീഡിപ്പിച്ചത്. തനിക്കെതിരേ അത്തരമൊരു ആരോപണവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ശനിയാഴ്ചയാണ് അവസാനിക്കുന്നത്. അതു കൊണ്ടു തന്നെ ഈ ദിവസം ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ പറഞ്ഞത് മാത്രമാണ് കുറ്റം; ജാമ്യം തേടി ദിലീപ്
Tags: dileep bail application