കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി.ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ട നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. ദിലീപിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപ് നാലു തവണ പള്‍സര്‍സുനിയുമായി കൂടിക്കാഴ്ചനടത്തിയെന്നും ഇതിന് തെളിവുണ്ടെന്നനും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരുസ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടു കേള്‍വിയില്ലാത്ത സംഭവമാണെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ്പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു.കേസില്‍ എല്ലാ സാക്ഷികളുടെയും മൊഴി ദിലീപിന് എതിരാണ്. ഫോണ്‍ രേഖകളും ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിയുടെ വിവാഹം മുടക്കുമെന്ന് ദിലീപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.കേസില്‍ അറസ്റ്റിലായ പള്‍സര്‍സുനി എന്ന സുനില്‍ കുമാര്‍ അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് ജയിലില്‍ നിന്ന് വിളിച്ചതിന് തെളിവുണ്ട്. ഇതേ ടവര്‍ ലൊക്കേഷനില്‍ ദിലീപ് ഉണ്ടായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേസിലെ പ്രധാന കണ്ണി ദിലീപാണ്. എല്ലാ സാക്ഷിമൊഴികളും വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലു തവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദത്തിനിടെ കേസ് ഡയറിയും മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.
ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വച്ചിരിക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ചോദിച്ചു. ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഢാലോചനക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ മജിസ്ട്രേറ്റ് കോടതി നടത്തിയ നിരീക്ഷണം അനവസരത്തിലുള്ളതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്കര്‍ക്കുള്ള താക്കീതാണെന്നാണ് മജിസ്ട്രേറ്റ് കോടതി പറഞ്ഞത്. ഇത് വളരെ നേരത്തേയുള്ള നിരീക്ഷണമായിപ്പോയെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നുണ്ടെന്നും ദിലീപിനെതിരായ അന്വേഷണം പൂര്‍ത്തിയായതാണെന്നും പ്രതിഭാഗം വാദിച്ചു.പള്‍സര്‍ സുനി സിനിമാ സെറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണെന്നും ദിലീപിനൊപ്പമുള്ള ഫോട്ടോ എങ്ങിനെ ഗൂഢാലോചനയ്ക്ക് തെളിവാകുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനയാകൂ. പൊലീസ് പറയുന്ന ഗൂഢാലോചനകള്‍ക്ക് തെളിവില്ല.ബ്ലാക്മെയില്‍ പരാതി നല്‍കിയത് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലന്നും അദ്ദേഹം വാദിച്ചു.വാദം പൂര്‍ത്തിയായ കേസില്‍ കോടതി അല്‍പ്പസമയത്തിനുള്ളില്‍ വിധി പറയും.