ദിലീപിന് ജാമ്യമില്ല; ജയിലില്‍ അമ്പതാം ദിനം .ഇനി പുറത്തിറങ്ങുക ബാലികേറാമല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് ജയിലില്‍ തുടരും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ദിലീപിനായി അഡ്വക്കേറ്റ് ബി രാമന്‍ പിള്ള നീണ്ട വാദമാണ് ഹൈക്കോടതിയില്‍ നടത്തിയത്. തന്നെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നെന്നും കേസില്‍ കുറ്റക്കാരനല്ലെന്നുമാണ് ദിലീപിന്റെ പ്രധാന വാദം. എന്നാല്‍ ദിലീപിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നാണ് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരുടെ വാദം. ഒട്ടേറെ കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ദിലീപിനെ കുറ്റക്കാരനാക്കാനാകില്ലെന്നതാണ് അഭിഭാഷകന്റെ വാദം.ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്. അറസ്‌റ്റിലായി അമ്പതാം ദിവസമാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറയുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന വാദവും അംഗീകരിച്ചു.

ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് ജയിലിലായിട്ട് 50 ദിവസം പിന്നിട്ടു. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ് റജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നും വാദമുണ്ടായി. ദിലീപിനെ ‘കിങ് ലയര്‍’ ആയി വിശേഷിപ്പിച്ച പ്രോസിക്യൂഷന്‍ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോടു സംസാരിച്ചെന്നും വാദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ആദ്യം ജാമ്യ ഹർജി തള്ളിയത്. സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്തെന്നും ഫോൺ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകർക്കെതിരെ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ദിലീപിനെതിരെ കൂടുതൽ തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.അതേസമയം, ദിലീപിന് ജാമ്യം കിട്ടിയാൽ റോ‌ഡ് ഷോ അടക്കമുളള വിപുലമായ പരിപാടികളായിരുന്നു താരത്തിന്റെ ചില ഫാൻസ് അസോസിയേഷനുകൾ ആസൂത്രണം ചെയ്‌തിരുന്നത്.

Top