നടിയെ ആക്രമിച്ച് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നാളേയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി.
ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നത്.
ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹർജി പരിഗണിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ളയാണ് കോടതിയിൽ ഹാജരായത്.
ഒരാൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചിരുന്നു. കൂടാതെ കൃത്യം നടത്തിയാൽ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചു.
എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. വധഗൂഢാലോചന നടന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകൾ പ്രോസ്ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോൾ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.