ആഗ്രഹങ്ങള്‍ക്ക് ചിറക് നല്‍കിയ ദിലീപിന് സംവിധായകന്റെ നന്ദി പ്രകടനം; ആന അലറലോടലറല്‍ ചിത്രത്തിലെ രഹസ്യം വെളിപ്പെടുത്തി ദിലീപ് മേനോന്‍

കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനായ ആന അലറലോടലറല്‍ എന്ന ചിത്രത്തില്‍ ആനയ്ക്ക് ശബ്ദം നല്‍കിയത് ആരെന്ന് വെളിപ്പെടുത്തി സംവിധായകന്‍. മറ്റാരുമല്ല ജനപ്രിയ നായകന്‍ ദിലീപാണ് ചിത്രത്തിലെ ആനയ്ക്ക് ശബ്ദം നല്‍കിയതെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ചിറകുകള്‍ നല്‍കി കൂടെ നിന്നതിന് നടന്‍ ദിലീപിന് നന്ദിയും കടപ്പാടും അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ദിലീപ് മേനോന്‍. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ആനയ്ക്ക് ശബ്ദം നല്‍കിയത് ദിലീപ് ആയിരുന്നു, അതിന് നന്ദി അല്ല കടപ്പെട്ടിരിക്കുന്നു എന്നാണ് ദിലീപ് മേനോന്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിലീപ് മേനോന്റെ പ്രതികരണം

ദിലീപ് മേനോന്റെ ഫേ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സുഹൃത്തുക്കളെ,

ഇന്നലെ, നാളുകളുടെ കാത്തിരിപ്പിന്റെ ഫലം ഉണ്ടായി. ഞാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആന അലറലോടലറല്‍’ റിലീസായി. കഥയിലെ ഹാഷിമിനും പാര്‍വതിക്കും വേലായുധനും മുസ്ലിയാര്‍ക്കും പത്രോസിനും ഉപ്പുമ്മയ്ക്കും സ്‌ക്രീനില്‍ ജീവന്‍ വച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പ്രത്യേകിച്ചും ശേഖരന്‍കുട്ടിയുടെ ശബ്ദം. സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയം മുതലേ എല്ലാവരും ചോദിച്ചിരുന്നു ആര് ശേഖരന്‍കുട്ടിക്ക് ശബ്ദം നല്‍കും?

ഉത്തരം മനസ്സില്‍ അന്നേ ഉണ്ടായിരുന്നു. എങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തോട് തന്നെ നേരില്‍ കണ്ടു കാര്യം പറഞ്ഞു. പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാന്‍ ഒരു മനസ്സ് വേണമല്ലോ? ആ മനസ്സ് അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങള്‍ക്കും നന്ദി… അല്ല കടപ്പെട്ടിരിക്കുന്നു….നമ്മുടെ ദിലീപേട്ടനോട്.

ആദരവോടെ

ദിലീപ് മേനോന്‍

Top