ദിലീപിനെതിരായി കുരുക്ക് മുറുക്കാന്‍ പൊലീസിന്റെ പുതിയ അടവ്; പത്താം പ്രതിയെ മാപ്പ് സാക്ഷിയാക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൂട്ടാന്‍ ഉറച്ച് പൊലീസ്. ഇതിനായി പത്താം പ്രതി വിപിന്‍ ലാലിനെ മാപ്പ് സാക്ഷിയാക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച അങ്കമാലി കോടതിയിലെത്തിയ വിപിന്‍ ലാല്‍ മജ്‌സ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം തടവില്‍ കഴിയവേ സുനിക്ക് കത്തെഴുതി കൊടുത്തത് വിപിന്‍ലാലാണ്. ആലുവ ജയിലില്‍ നടന്ന ഫോണ്‍ വിളിയിലും പള്‍സര്‍ സുനിയ്ക്ക് ഇയാള്‍ ഒത്താശ ചെയ്തതായാണ് വിവരം.

കേസില്‍ അന്വേഷണ സംഘത്തിന് തിരിച്ചടി നല്‍കി മുഖ്യസാക്ഷി നാടകീയമായി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കീഴടങ്ങുന്നതിന് മുമ്പ് ലക്ഷ്യയില്‍ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, മജിസ്‌ട്രേട്ടിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയിലാണ് ഇയാള്‍ ദിലീപിന് അനുകൂലമായി നിലപാടെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ലക്ഷ്യയില്‍ പോയതായി പള്‍സര്‍ സുനി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ അവിടെ ഏല്‍പ്പിച്ചിരുന്നതായും ഇവിടെ നിന്നും പണം കൈപ്പറ്റിയതായും സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവറാണ് ജീവനക്കാരന്റെ മൊഴി മാറ്റത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കും. ലക്ഷ്യയിലെ ജീവനക്കാരന്റെ ആലപ്പുഴയിലെ വീട്ടില്‍ ഇയാള്‍ പോയിരുന്നതായും ഇതിനു ശേഷമാണ് അയാള്‍ പഴയ മൊഴിയില്‍ നിന്നു വ്യതിചലിച്ചതെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. അനുബന്ധ കുറ്റപത്രം വൈകാന്‍ കാരണം ഈ മുഖ്യ സാക്ഷിയുടെ മൊഴിമാറ്റമാണെന്നാണ് സൂചന

Top