കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ദിലീപും കൂട്ടരും ഉന്നയിക്കുന്നത് പ്രധാനപ്പെട്ട ഒരു ആരോപണം ആണ്. കൊടും കുറ്റവാളിയായ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്ത് എന്നതാണത്. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യ മൊഴി ഒടുവില്‍ പോലീസിനും സുനിക്കും പാരയാകുമോ എന്നാണ് ഇനി അറിയാനുള്ളത്. അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ആ ഫോണ്‍ സംബന്ധിച്ച് സുനി പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും ആശയക്കുഴപ്പം ഉദിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്. ചാര്‍ളിയുടെ രഹസ്യ മൊഴി തന്നെയാണ് നിര്‍ണായകമായിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ മാപ്പുസാക്ഷി ചാര്‍ലി ആകും എന്നാണ് സൂചന. നടിയെ ആക്രമിച്ചതിന് ശേഷം സുനി ചാര്‍ലിയുടെ വീട്ടില്‍ എത്തിയിരുന്നു. സുനില്‍ കുമാറിന് ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തത് ചാര്‍ലി ആയിരുന്നു. തമിഴ്‌നാട്ടില്‍ ആയിരുന്നു സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സുനി നടത്തിയ ശ്രമങ്ങളെ കുറിച്ചും ചാര്‍ലിയുടെ മൊഴിയില്‍ വിവരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. നടിയെ ആക്രമിച്ചതിന് ശേഷം മൂന്ന് ദിവസത്തോളം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സുനിയുടെ കൈവശം ഉണ്ടായിരുന്നു എന്നാണ് സൂചന. അതിന് ശേഷം സുനി മൊബൈല്‍ സുരക്ഷിതമായി ഒളിപ്പിക്കുകയായിരുന്നോ എന്നാണ് സംശയിക്കുന്നത്.
ഫെബ്രുവരി 17 ന് രാത്രിയാണ് നടിയെ ആക്രമിച്ചത്. 19ന് സംസ്ഥാനം വിട്ടു. പിന്നീട് ഫെബ്രുവരി 21 ന് കോയമ്പത്തൂരില്‍ നിന്ന് വീണ്ടും കേരളത്തിലേക്ക് തിരിച്ചു. ഇതുവരെ സുനിയുെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നു എന്നാണ് സൂചന. ഈ ദിവസങ്ങളില്‍ സുനില്‍ കുമാര്‍ പലരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പലരും സുനിയെ തിരിച്ചും വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരൊക്കെയാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ആക്രമിച്ചതിന് ശേഷം ആ വിവരം സുനില്‍ കുമാര്‍ ആരോട് ഫോണില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വിശദീകരിച്ചതായി മൊഴിയുണ്ട്. എന്നാല്‍ ഇത് ആരായിരുന്നു എന്നതും ഇതുവരെ കണ്ടെത്തിയതായി വിവരമില്ല. ചാര്‍ലിയുടെ മൊഴി വിശ്വസിക്കുകയാണ് ആ മൊബൈല്‍ ഫോണ്‍ ഇപ്പോഴും നശിപ്പിക്കപ്പെട്ടിട്ടില്ല. അത് സുനില്‍ കുമാര്‍ തന്നെ സുരക്ഷിതമായി എവിടെയോ എത്തിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സുനില്‍ കുമാര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ട്. മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ സുനി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
കേസ് അന്വേഷണം സംബന്ധിച്ച് പോലീസ് കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. പൊടിപ്പും തൊങ്ങലും വച്ച് പുറത്തിറങ്ങുന്ന കഥകള്‍ എത്രത്തോളം സത്യമുണ്ട് എന്നതും സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നാണ് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളത്. എന്നാല്‍ എന്താണ് ഈ തെളിവ് എന്നത് സംബന്ധിച്ച് പുറം ലോകത്തിന് ഒരു ധാരണയും ഇല്ല.