പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.

സംഭവവത്തില്‍ ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അടക്കമുള്ള 6 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് പള്‍സര്‍ സുനിയെയും കൂട്ടാളികളെയും പൊലീസ് പിടികൂടി. 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് അറസ്റ്റിലായ പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി.

ഇതിനിടെ, അക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും, ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോള്‍ ഓര്‍ക്കണമെന്നും ദിലീപ് അഭിപ്രായപ്പെട്ടത് വന്‍ വിവാദമായി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തി നിര്‍ണായക രേഖകള്‍ കണ്ടെടുത്തു. അതേവര്‍ഷം ജൂലായ് 10 ന് ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

Top