
താൻ നിരപരാധിയെന്ന് ഉറച്ച വിശ്വാസമുണ്ടെങ്കിൽ ദിലീപ് ഫോൺ കൈമാറാത്തതിൽ എന്ത് തെറ്റാണുള്ളതെന്ന് സംവിധായകൻ സജി നന്ത്യാട്ട്. ഫോൺ കൈമാറിയിൽ അതിൽ അന്വേഷണ സംഘം എന്തെങ്കിലും തിരിമറി നടത്തുമോയെന്നാണ് ദിലീപിന്റെ ആശങ്ക എന്ന് സജി നന്ത്യാട്ട് പറഞ്ഞു.
ആ ഫോണിൽ ദിലീപ് ബാലചന്ദ്രകുമാറിനോട് പറഞ്ഞതും ബാലചന്ദ്രകുമാർ ദിലീപിന് അയച്ചതുമായ സന്ദേശങ്ങൾ പോലീസ് ഡിലീറ്റ് ചെയ്താൽ നടൻ ശൂന്യമാകുമെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
ബാലചന്ദ്രകുമാർ തന്റെ ടാബിൽ റെക്കോഡ് ചെയ്ത ശബ്ദ ശകലങ്ങളുമായും ചില ചാറ്റുകളുമായും പോലീസിനെ സമീപിച്ചു.ഇപ്പോഴത്തെ കേസിന്റെ ആധാരം ഇതാണല്ലോ? പോലീസ് കേസെടുത്തു. ബാലചന്ദ്രകുമാർ ഉന്നയിച്ച അയാളുടെ ഭാഗം പൊതുസമൂഹത്തിന് മുന്നിലുണ്ട്.
അതിനദ്ദേഹം ബുദ്ധിപൂർവ്വം പ്ലാൻ ചെയ്ത് ഒരു തിരക്കഥ ഉണ്ടാക്കി. കേസിൽ വിഐപി ഉണ്ട്, നടന്റെ വീട്ടിൽ ഫോൺ എക്സ്ചേഞ്ച് ഉണ്ട് എന്നൊക്കെ പറഞ്ഞ് പൊതുസമൂഹത്തിന് മുന്നിൽ നടനെ വലിയ ഭീകരജീവിയാക്കി വെച്ചിരിക്കുകയാണ് എന്ന് സജി നന്ത്യാട്ട് പറഞ്ഞു.
പക്ഷേ മലയാളി പൊട്ടൻമാരല്ല. സീരിയൽ കണ്ട് പൊട്ടിക്കരയുന്ന സ്ത്രീകളെ പോലുള്ള നിർമ്മല ഹൃദയരൊക്കെ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വിശ്വസിക്കും. മറ്റുള്ളവർ അങ്ങനെയല്ല. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കപ്പെടട്ടെ എന്ന് സജി നന്ദ്യാട്ട് പറഞ്ഞു.
അദ്ദേഹത്തിന്റെ ഫോണിൽ അദ്ദേഹവും ആദ്യ ഭാര്യയും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ ഉണ്ട്. ഇതെല്ലാം പുറത്ത് വന്നാൽ നെഗറ്റീവ് വാർത്തകൾ ഉണ്ടാകും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ആലുവ അധോലോകം പോലെ ആയി എന്നും സജി നന്ദ്യാട്ട് പരിഹസിച്ചു.
ഫോൺ പോലീസിന് കൊടുക്കാതെ തന്നെ സർവ്വീസ് പ്രൊവൈഡർമാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ സാധിക്കില്ലേ? ബാലചന്ദ്രകുമാർ പറയുന്നത് മാത്രമാണ് ഇപ്പോൾ നമ്മൾക്ക് അറിയുന്നത്. അതിന്റെ മറുവശം കൂടി ഉണ്ട്.
ദിലീപിനെ സംബന്ധിച്ച് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഏക ആശ്രയം തന്റെ മൊബൈൽ ഫോണായിരിക്കും. അതുകൊണ്ട് തന്നെ അത് റിട്രൈവ് ചെയ്യാൻ ഒരു സൈബർ വിദഗ്ദനെ ഏൽപ്പിച്ചിട്ടുണ്ട്. അതിലെ വിവരങ്ങൾ ലഭിച്ചാൽ അത് കോടതിയിൽ കൈമാറുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും സജി നന്ദ്യാട്ട് പറഞ്ഞു.
ദിലീപിനെ സോഷ്യൽ മീഡിയയിൽ മോശക്കാരനാക്കാൻ പല ഇല്ലാക്കഥകളും പ്രചരിപ്പിക്കുന്നുണ്ട്. ദിലീപ് അല്ല പിആർ വർക്ക് നടത്തുന്നതെന്നും സജി നന്ദ്യാട്ട് പറഞ്ഞു.
ബാലചന്ദ്രകുമാർ യഥാർത്ഥ സാക്ഷിയായിരുന്നുവെങ്കിൽ കോളാമ്പി പോലെ ഇങ്ങനെ പറഞ്ഞ് നടക്കുമോ. ഇത് ദിലീപിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കമാണ്. ബാലചന്ദ്ര കുമാർ ഇപ്പോൾ ആലുവയെ അധോലോകമാക്കി മാറ്റിയിരിക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ ജനങ്ങൾ എന്താ പൊട്ടൻമാരാണോ? പാ വേറെ പാപ്പച്ചന്‍ വേറെ, മുഴുവന് ജനങ്ങൾക്കും കാര്യം മനസിലാകും. ബാലചന്ദ്രകുമാറിന്റെ ടാബ് എവിടെ? നേരത്തേ ബാലചന്ദ്രകുമാർ ടാബിൽ പലതും റെക്കോഡ് ചെയ്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹം മുടക്കിയെന്ന ആരോപണം ഉയർന്നിരുന്നു.
ടാബ് കൊടുത്താൽ ബാലചന്ദ്രകുമാർ നടത്തിയ ഇത്തരം ബ്ലാക്ക്മെയിലുകളുടെ യഥാർത്ഥ സത്യം പുറത്തുവരും. അതിനാലാണ് ടാബ് കൈമാറാത്തത്. താങ്കൾ സുതാര്യനാണെങ്കിൽ ആ ടാബ് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ബാലചന്ദ്രകുമാർ തയ്യാറാകണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.