തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചു. ദിലീപ് നിരപരാധിയാണെന്ന് അമ്മ കത്തില്‍ പറയുന്നു. കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയതായി അറിയിച്ചു. കഴിഞ്ഞ ദിവസം ആലുവ സബ് ജയിലിലെത്തി സരോജം ദിലീപിനെ കണ്ടിരുന്നു. ദിലീപിന്റെ രണ്ടാം ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ അമ്മ കത്തയച്ചത്.
നാളെയാണ് ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. അഡ്വ. രാംകുമാര്‍ അസോസിയേറ്റ്‌സ് വഴിയാണ് ദിലീപ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ അഡ്വ. രാംകുമാറായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. രാംകുമാര്‍ വഴി മജിസ്‌ട്രേറ്റ് കോടതിയിലും ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നു. പോലീസ് മേധാവിയേയും അന്വേഷണ സംഘത്തേയും പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ദിലീപ് പുതിയ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി. സന്ധ്യയും തമ്മിലുള്ള അടുപ്പം മൂലം തന്നെ കുടുക്കുകയാണെന്നാണ് ദിലീപിന്റെ ആരോപണം. ദിലീപിന്റെ ആരോപണങ്ങള്‍ക്ക് നാളെ പ്രോസിക്യൂഷന്‍ മറുപടി നല്‍കും. പ്രോസിക്യൂഷന്റെ മറുപടി കൂടി ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതി ജാമ്യഹര്‍ജിയില്‍ വിധി പറയും.