കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായിരുന്ന കേരളത്തിന്റെ സ്വന്തം ജനപ്രിയ നായകന്‍ ദിലീപിന് തിരിച്ചുവരവിന്റെ ദിവസമാണ് കടന്നുപോയത്. താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയെങ്കിലും പൂര്‍വാധികം ശക്തിയോടെയാണ് ജനപ്രിയ നായകന്‍ തിരിച്ചെത്തിയിരിക്കുന്നത്. ഈ തീരുമാനത്തിനെതിരെ വനിതാ സംഘടനയായ ഡബ്ല്യുസിസിയും യുവതാരങ്ങളും രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ തീരുമാനം മാറ്റാനൊന്നും അമ്മ തയ്യാറായിരുന്നില്ല. ഇനി ദിലീപിന്റെ കൈയ്യിലാണ് എല്ലാ കാര്യവും എന്നാണ് പുതിയ ഭരണസമിതി പറയുന്നത്. സിദ്ദീഖടക്കമുള്ളവര്‍ ദിലീപിനോട് സംഘടനയിലേക്ക് തിരിച്ചെത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യും. അതേസമയം ദിലീപിന്റെ മടങ്ങി വരവിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്.
മന്ദബുദ്ധികളായ മാധ്യമങ്ങളെ വിവരദോഷികളായ ഫെമിനിച്ചികളെ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇത് ഡബ്ല്യുസിസിയെ ഉന്നംവെച്ചുള്ളതാണ്. നേരത്തെ തന്നെ ദിലീപിനെ കേസില്‍ കുടുക്കിയത് മാധ്യമങ്ങളാണെന്നും ഇതിന് വനിതാ താരങ്ങളും കൂട്ടായ്മയും കൂട്ടുനിന്നു എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ നിരന്തരം ആരോപിക്കുന്നുണ്ട്. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് ദിലീപ് ഓണ്‍ലൈനും ആരോപണം ഉന്നയിക്കുന്നത്. സംഭവത്തെ ഡബ്ല്യുസിസി വിമര്‍ശിച്ചത് അനവസരത്തിലായി എന്നും ദിലീപിനോട് അടുപ്പമുള്ളവര്‍ കരുതുന്നുണ്ട്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ അവൈലബില്‍ എക്‌സിക്യൂട്ടീവ് തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണ്.
പുറത്താക്കാത്ത ഒരാളെ എന്തിന് തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ഞങ്ങള്‍ കരുതുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. സിദ്ദീഖിന്റെയും ഊര്‍മിള ഉണ്ണിയുടെയും അതേ നിലപാടുകള്‍ ഡബ്ല്യുസിസിയെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് ദിലീപ് ഓണ്‍ലൈന്‍ ഉപയോഗിച്ചിരിക്കുന്നത്. ദിലീപിനെ എങ്ങനെയും തകര്‍ക്കണം എന്ന അജണ്ടയാണ് ഫെമിനിച്ചികള്‍ക്കുള്ളത്. നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും, സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ നിന്നും ഇത് മനസിലാക്കാന്‍ മാത്രം കഴിവില്ലാത്തവരല്ല മലയാളികള്‍. ദിലീപിനെ പുറത്താക്കിയ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് ആഘോഷമാക്കിയതിന്റെ നാണക്കേട് മാധ്യമങ്ങള്‍ക്ക് മാത്രമല്ല ദിലീപിനെ പുറത്താക്കാന്‍ പണിയെടുത്ത സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരിക്കുമല്ലോ? അമ്മ പോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബൈലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹോളിക്കുന്നവരൊക്കെയാണ് ജനാധിപത്യത്തിനും സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളി കൂട്ടുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ഒരു റിലാക്‌സേഷനുണ്ട്.
ദിലീപ് ഓണ്‍ലൈന്‍ ഷെയര്‍ ചെയ്ത മറ്റൊരു പോസ്റ്റും ഇതേ സ്വഭാവത്തിലുള്ളതാണ്. മനോജ് രാംസിങ് എന്ന തിരക്കഥാകൃത്തിന്റേതാണ് ഇത്. അമ്മ എന്ന മലയാള ചലച്ചിത്ര അഭിനേതാക്കളുടെ മാത്രം സ്വാകാര്യമായ സംഘടനയുമായി എനിക്കും യാതൊരു ബന്ധവും ഇല്ല. എന്നാലും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വായിക്കേണ്ടി വന്നത് കൊണ്ട് മാത്രം ചിലത് പറയാതെ വയ്യ. അമ്മ രാഷ്ട്രീയത്തിലോ സമൂഹത്തിലോ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. അതൊരു എന്‍ജിഒ പോലുമല്ല. അതിലെ അംഗങ്ങളുടെ മാത്രം ക്ഷേമം ലാക്കാക്കി അതിലെ അംഗങ്ങളുടെ അഭിപ്രായ പ്രകാരം അവരുടെ മൂലധനം കൊണ്ട് അവര്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് അതിന്റെ തീരുമാനങ്ങളില്‍ അവകാശമുള്ളത്.
അമ്മയുടെ അംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുന്നത് ജനാധിപത്യ വിരുദ്ധതയുള്‍ക്കൊള്ളുന്ന ശുദ്ധ മണ്ടത്തരമാണ്. അതിലേറെ അന്യരിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റ പ്രവണതയുമാണ്. അത് സിപിഎം അംഗങ്ങള്‍ അവരുടെ പാര്‍ട്ടിക്കുള്ളില്‍ എടുക്കുന്ന തീരുമാനങ്ങളെ ബിജെപി വിമര്‍ശിക്കുന്നത് പോലുള്ള വിഡ്ഡിത്തം പോലുമല്ല എന്നോര്‍ക്കണം. കാരണം സിപിഎം ജനകീയ പ്രസ്ഥാനമാണ്. അമ്മ അംഗങ്ങളുള്ള സ്വകാര്യ പ്രസ്ഥാനം മാത്രമാണ്. ഡബ്ല്യുസിസിയുടെ അഭിപ്രായത്തെ മ്ലേച്ചമാക്കുന്നതും ഈ കാര്യമാണ്. ഒരു ആക്രമണത്തെ അതിജീവിച്ചവരും മറ്റൊരു ആക്രമണത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നവരും സംഘടനയില്‍ ഒരുമിച്ചുണ്ടാവാന്‍ പാടില്ല എന്ന് ബൈലോയില്‍ പറയുന്നുണ്ടോ എന്നറിയില്ല. എസിടി പ്രകാരം ഇല്ലെന്നുറപ്പ്.
ദിലീപിനെ പുറത്താക്കിയെന്ന് ഒരു നീതിന്യായ സംവിധാനവും പറഞ്ഞിട്ടില്ലാ. അന്ന അടിയന്തര ഭരണസമിതിക്ക്അങ്ങനെ തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ ജനറല്‍ ബോഡിക്ക് അത് നിയമാനുസൃതമല്ല എന്ന് തോന്നി തിരുത്തിയിട്ടുണ്ടാവും. അത് അവരുടെ സംഘടനയുടെ അംഗങ്ങളുടെ ഐക്യകണ്‌ഠ്യേനയുള്ള തീരുമാനമല്ല. നമ്മള്‍ പൊതുസമൂഹത്തെ ബാധിക്കുന്നതല്ല അമ്മയുടെയോ ഡബ്ല്യുസിസിയുടെയോ പോലുള്ള സംഘടനകളുടെ തീരുമാനങ്ങള്‍ ഒന്നുംതന്നെ. ഇതിലൊക്കെ അപലിച്ച് അഭിപ്രായം പറയുമ്പോള്‍ ഓര്‍മ വരുന്നത് അന്യന്റെ വീട്ടീന്ന് അയല്‍ക്കാരുടെ നിര്‍ബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ച് വീട്ടില്‍ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്പത്തി സുശീല ടീച്ചറിനെയാണ്.