മലപ്പുറം: ഡിഫ്തീരിയ ചെറുക്കാനുള്ള പോളിയോ കുത്തിവെപ്പ് വാക്‌സിനുകള്‍ കിട്ടാനില്ലാതെ മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയ്യാറാക്കി. ഡിഫ്തീരിയ ബാധിച്ച് മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശിച്ചത്.
രണ്ടാഴ്ചക്കകം കുത്തിവെയ്പ്പ് എടുക്കാത്ത മുഴുവന് പേര്‍ക്കും വാക്സിനേഷന്‍ നല്‍കും. ഡിഫ്ത്തീരിയക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിനെ ലാഘവത്തോടെ കണ്ട മനോഭാവത്തിന് മാറ്റമുണ്ടായതായി ആരോഗ്യവകുപ്പ് വിളിച്ച് ചേര്‍ത്ത യോഗം വിലയിരുത്തി. ഡിഫ്ത്തീരിയ ബാധിച്ച് മരിച്ച അഫ്സാസ് പഠിച്ചിരുന്ന പുളിക്കല്‍ എ.എം.എം. ഹൈസ്‌കൂളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മുഴുവന് രക്ഷിതാക്കളും പങ്കെടുത്തു. കുത്തിവെയ്പ് എടുക്കാത്തതിന്റെ ഭവിഷ്യത്ത് അറിയാത്തത് കൊണ്ടാണ് വിമുഖത കാണിച്ചതെന്ന് പല രക്ഷിതാക്കളും പറഞ്ഞു. വരുന്ന വാരത്തോടുകൂടി സ്‌കൂളിലെ മുഴുവന് കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കും.
അതേസമയം നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍, വരുന്ന രണ്ടാഴ്ചക്കകം ജില്ലയിലെ കുത്തിവെയ്പ്പെടുക്കാത്ത മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ നല്‍കാന് തീരുമാനമായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി
പ്രതിരോധ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മരുന്ന് ജില്ലയിലെത്തിക്കാനും തീരുമാനമായി. അതേസമയം കുത്തിവെയ്പ്പിനെതിരെ പ്രചാരണം നടത്തുന്ന വ്യാജ ചികിത്സകര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അതേസമയം ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്ത്തീരിയ രോഗം സ്ഥിരീകരിച്ചു. പളളിക്കല്‍ സ്വദേശി മുഹമ്മദ് ഫായിസിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.