പ്രേമം എന്ന ഹിറ്റ് ചിത്രം ഉഴപ്പി എടുത്ത ചിത്രമാണെന്ന സംസ്ഥാന ജൂറിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ പിന്തുണച്ച് ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. പ്രേമം എന്ന ചിത്രം ഉഴപ്പലാണെങ്കില്‍ അല്‍ഫോന്‍സ് താങ്കള്‍ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനുള്ളൂവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണികൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചത്. നമുക്ക് ഈ അവാര്‍ഡ് വേണ്ട്രടാ! ഇവിടല്ലേലും സീന്‍ മൊത്തം കോണ്‍ട്രാ എന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിന് നന്ദിയുണ്ടെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.
പ്രേമം സിനിമയ്ക്ക് അവാര്‍ഡിന് അര്‍ഹതയിലല്ലെന്നായിരുന്നു ജൂറി ചെയര്‍മാന്റെ അഭിപ്രായം. മോഹന്‍ സാറിന് ഈ സിനിമയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പറയാന്‍ എങ്ങനെ തോന്നിയെന്ന് അറിയില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ഇന്നലെ ടിവിയില്‍ ഒരിക്കല്‍ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് മോഹന്‍ സാറിനോട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു.
സാധാരണ അവാര്‍ഡ് വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങള്‍ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാര്‍ഡിനും ഇല്ല. പക്ഷേ, അവാര്‍ഡ് പ്രഖ്യാപനവുമൊക്കെ കഴിഞ്ഞ്, ജൂറി ചെയര്‍മാന്‍ ഒരു ചിത്രത്തെ മാത്രം ചില വിമര്‍ശനങ്ങളൊക്കെ നടത്തുമ്പോള്‍ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ.
ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാന്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന മോഹന്‍ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാള്‍ വലിയൊരു അസത്യം ഈ സിനിമയെകുറിച്ച് പറയാന്‍ കഴിയില്ലെന്നും ഉണ്ണികൃഷ്ണന്‍ വിമര്‍ശിക്കുന്നു.