നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംവിധായകന്‍ ലാല്‍; ദിലീപ് അനുഭവിച്ച ദുരിതത്തിന് കണക്കില്ല; ന്യൂജനറേഷന്‍ സിനിമയില്‍ കഞ്ചാവാണെന്ന് പറയുന്നത് ചിലരുടെ നിരാശമൂലം

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അനുഭവിച്ച ദുരിതത്തിന് കൈയും കണക്കുമില്ലെന്ന് സംവിധായകന്‍ ലാല്‍. കേസില്‍ സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടതിലും വിഷമമുണ്ടെന്ന് ലാല്‍ പറഞ്ഞു. തന്റെ വീട്ടില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടാണ് ലാല്‍ മനസ് തുറന്നത്. സംഭവം നടന്ന് നടി തന്റെ വീട്ടിലേക്കാണ് വന്നത്. പിന്നീട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ സഹായത്തിനായി ആന്റോ ജോസഫിനെയും രണ്‍ജി പണിക്കരെയും വിളിക്കുകയായിരുന്നു. താന്‍ ആവശ്യപ്പെട്ടത് പ്രകാരം സഹായത്തിനെത്തിയ ആന്റോ ജോസഫിനെ സംഭവത്തില്‍ കുറ്റപ്പെടുത്തുന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അതിയായ വിഷമം ഉണ്ടായി. പിന്നീട് താന്‍ ആന്റോ ജോസഫിനെ വിളിച്ച് മാപ്പ് ചോദിച്ചു.

ആക്രമിക്കപ്പെട്ട ദിവസം തന്റെ മകന്‍ സംവിധായകനായ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടിയല്ല നടി എത്തിയത്. സുഹൃത്തായ രമ്യാ നമ്പീശന്റെ വീട്ടില്‍ താമസിക്കാനായി നടി വരുമ്പോള്‍ വണ്ടി ഏര്‍പ്പാട് ചെയ്തുകൊടുത്തത് താനാണ് എന്നത് മാത്രമാണ് ചെയ്ത കുറ്റം. തൃശൂരില്‍ നിന്ന് പുറപ്പെട്ട നടി സുരക്ഷിതയാണോ എന്ന് പല തവണ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. സുനി ഒരു ക്രിമിനല്‍ ആണെന്ന് അറിയാമായിരുന്നില്ല. വളരെ മിടുക്കനായ വ്യക്തിയായി അറിയപ്പെട്ടിരുന്ന ഇയാളെപ്പറ്റി സെറ്റുകളില്‍ വളരെ നല്ല അഭിപ്രായമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി തൃശൂരില്‍ നിന്ന് വന്ന വണ്ടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ സംശയം തോന്നി താന്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പരിക്കുണ്ടെന്ന് അഭിനയിച്ച് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ മാര്‍ട്ടിനെ സംശയം തോന്നി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു എന്നും ലാല്‍ പറഞ്ഞു.

ന്യൂ ജനറേഷന്‍ സിനിമകളില്‍ കഞ്ചാവും മദ്യവും ഒഴുകുകയാണെന്ന് പറയുന്നവരെയും ലാല്‍ വിമര്‍ശിച്ചു. കഞ്ചാവും മദ്യവും ഒഴുകുന്ന സെറ്റുകള്‍ ഏതാണെന്ന് ഇങ്ങനെ പറയുന്നവര്‍ വ്യക്തമാക്കണമെന്നും ലാല്‍ പറഞ്ഞു. ന്യൂജനറേഷന്‍ സിനിമയെന്നു പറഞ്ഞ് കളിയാക്കുന്നത് ചിലയാളുകളുടെ നിരാശമൂലമാണ്. ഇത്തരം സിനികള്‍ വിജയിക്കുന്നതു കാണുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകും.

നടി വലിയ ആത്മവിശ്വാസവും ധൈര്യവുമാണ് പ്രകടിപ്പിക്കുന്നതെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കി അവരെ തകര്‍ക്കരുതെന്നും ലാല്‍ മാധ്യമങ്ങളോട് അപേക്ഷിച്ചു. നടി പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞ് പ്രതികള്‍ക്ക് സഹായകമാകരുത് എന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും ലാല്‍ പറഞ്ഞു.

Top