
നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താര സിനിമയിലേക്ക് എത്തിയത് നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. നയന്‍താരയും ചിത്രത്തിന്റെ സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ കുടങ്ങിയിട്ട് കാലം കുറച്ചായി. പ്രണയത്തിലാണെന്ന് ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും മറ്റും ഇത് വ്യക്തമാക്കാറുണ്ട്. നയന്‍താരയെ ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സമയത്തുള്ള അനുഭവം പങ്കുവെക്കുകയാണ് വിഘ്നേഷ്.
തന്റെ ജീവിതത്തില്‍ ഏറ്റവും ബഹുമാനിക്കുന്നത് നയന്‍താരയെ ആണെന്നാണ് വിഘ്നേഷ് പറയുന്നത്. ആദ്യം നയന്‍ താരയെ പേടിയായിരുന്നെന്നും മാഡം എന്നാണ് താന്‍ വിളിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവര്‍ സാധാരണ ഒരു പെണ്‍കുട്ടിയാണെന്നും അവരുടെ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും മാത്രമേ യഥാര്‍ത്ഥ നയന്‍താരയെ അറിയുകയൊള്ളൂവെന്നുമാണ് വിഘ്നേഷ് പറയുന്നത്. വിവാഹം ഒരിക്കല്‍ നടക്കുമെന്നും എല്ലാവരേയും മുന്‍കൂട്ടി അറിയിച്ചായിരിക്കും വിവാഹം കഴിക്കുകയെന്നും വിഘ്നേഷ് പറഞ്ഞു.
‘ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു. അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.
”ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്തേ പറ്റൂ. അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും”, വിഘ്നേഷ് പറയുന്നു.
”നയന്‍താര എന്താണെന്ന് അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. വീട്ടില്‍ അച്ഛന്‍, അമ്മ, സഹോദരന്‍ അവരൊക്കെയാണ് അവരുടെ ലോകം. അടുത്താല്‍ മനസ്സിലാകും, ഒരു സാധാരണ പെണ്‍കുട്ടിയാണവര്‍. മുന്‍കാല പ്രണയങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിച്ച് ശല്ല്യപ്പെടുത്തുന്നവരുണ്ട്. അതൊന്നും കാര്യമാക്കാതെ ജീവിക്കാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ ബഹുമാനം കൂടിയിട്ടേയുള്ളവെന്നും വിഘ്നേഷ് പറയുന്നു.