ഹൈദരാബാദ്: എ.കെ ആന്റണി തകർത്ത തെലുങ്കാന പിടിക്കാൻ ഡികെ ശിവകുമാര്‍ രംഗത്ത് വരുന്നു. കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യാനില്ലാത്ത നേതാവായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ആന്ധ്ര മുഖ്യമന്ത്രി. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വേണ്ടവിധം പരിഗണിക്കാത്തതാണ് പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വഴിയൊരുക്കിയത് എന്ന് ജഗനെ അനുകൂലിച്ചിരുന്നവര്‍ അന്നേ പറഞ്ഞിരുന്നു.
ജഗന്റെ ഉദയത്തോടെ ആന്ധ്രയില്‍ കോണ്‍ഗ്രസ് ഇല്ലാതായി. സഹോദരി ശര്‍മിള പക്ഷേ, തെലങ്കാനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ ശക്തനായ നേതാവ് കെചന്ദ്രശേഖര റാവു (കെസിആര്‍) ആണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് വെല്ലുവിളി സൃഷ്ടിക്കാനാണ് ശര്‍മിളയുടെ നീക്കം. ഒരേ വഴിയില്‍ ചിന്തിക്കുന്ന കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ ശര്‍മിള തയ്യാറായതും അതുകൊണ്ടുതന്നെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വൈഎസ്ആറിനെ സ്‌നേഹിക്കുന്ന ഒട്ടേറെ പേര്‍ തെലങ്കാനയിലുണ്ട്. ശര്‍മിളയെ കൂടെ നിര്‍ത്തി കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഒരുക്കാന്‍ ഡികെ പദ്ധതിയിടുന്നു എന്നാണ് സൂചന. ശര്‍മിളയും ഡികെയും ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഇരു നേതാക്കളും എന്താണ് ചര്‍ച്ച ചെയ്തത് എന്ന് മാധ്യമങ്ങളോട് പറഞ്ഞില്ല. സൗഹൃദ സന്ദര്‍ശനം എന്ന് മാത്രമാണ് പ്രതികരിച്ചത്.
ദേശീയതലത്തില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേരില്ല എന്ന നിലപാടാണ് കെസിആറിനുള്ളത്. നിതീഷ് കുമാര്‍ ഇടപെട്ട് കെസിആറിനെ മയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കെസിആറിനെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടണം എന്നതാണ് വെല്ലുവിളി. ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ തരംഗം കെസിആര്‍ മറന്നിട്ടില്ല.
കര്‍ണാടകയില്‍ മികച്ച വിജയം കോണ്‍ഗ്രസിന് സമ്മാനിച്ച ഡികെ ശിവകുമാര്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ മെനയുമെന്നാണ് അറിയുന്നത് . അയല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കളരി ഡികെ ശിവകുമാറിന് അന്യമല്ല. വൈഎസ് രാജശേഖര റെഡ്ഡിയുടെ കാലം മുതലേ ആന്ധ്രയുമായും വൈഎസ്ആറിന്റെ കുടുംബവുമായും യോജിച്ച് നീങ്ങിയ വ്യക്തിയാണ് ഡികെ.
വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷയുമായ വൈഎസ് ശര്‍മിള ഇന്ന് ബെംഗളൂരുവിലെത്തി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തി. തെലങ്കാന രാഷ്ട്രീയമാണ് പ്രധാന ചര്‍ച്ചയായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസിന് കൈ കൊടുക്കാന്‍ ശര്‍മിള തയ്യാറാകുമെന്നാണ് പുതിയ വാര്‍ത്തകള്‍.
തെലങ്കാന പിടിക്കാന്‍ അമിത് ഷാ പ്രത്യേക പദ്ധതി സംസ്ഥാന ബിജെപി നേതൃത്വത്തിന് മുമ്പാകെ വച്ചിട്ടുണ്ട്. വിവാദ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ നിര്‍ദേശം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി നേരത്തെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബിജെപിയും കെസിആറും തന്ത്രം മെനയുന്നിടത്താണ് ഡികെ പുതിയ കളിക്ക് ഒരുങ്ങുന്നത്.
അതേസമയം, തെലങ്കാന കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളി മുസ്ലിം വിഭാഗത്തില്‍ നിന്നാണ്. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് അര്‍ഹിച്ച പരിഗണന സംഘടനാ തലത്തില്‍ നല്‍കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. സര്‍വോദയയുടെ ബാനറില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുതിയ സംയുക്ത സമിതി രൂപീകരിച്ചിരിക്കുകയാണിപ്പോള്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് കിട്ടുക മാത്രമല്ല, സംഘടനാ തലത്തിലും പരിഗണന വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.