പ്രസവത്തിനെത്തിയ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി ആശുപത്രിയില്‍ എത്തിയ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 22 കാരിയായ ബുള്‍ബുള്‍ അറോറയുടെ കുടുംബാംഗങ്ങളാണ് ഡോ.ഹെഗ്‌ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ലേബര്‍ റൂമില്‍ വച്ച് ബുള്‍ബുളിനെ ഡോക്ടര്‍ തല്ലിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബുള്‍ബുളിനെ ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ അവരെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അവിടെവെച്ചാണ് നാടകീയ സംഭവങ്ങളുണ്ടായത്. പ്രസവവേദനകൊണ്ട് പുളഞ്ഞ ബുള്‍ബുള്‍ കരഞ്ഞ് ബഹളം വെച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ ചീത്ത പറയുകയും തുടയില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടര്‍ന്ന് 11.20 മണിക്ക് ബുള്‍ബുള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്ക് 1.30 മണി ആയിട്ടും പ്രസവ വിവരം പുറത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. വിവരം തിരക്കാന്‍ ലേബര്‍ റൂമിലേക്ക് ഭര്‍ത്തൃമാതാവ് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും വേണ്ടത്ര പരിചരണമില്ലാതെ കിടത്തിയിരിക്കുന്നത് കണ്ടത്.
തുടര്‍ന്നാണ് തനിക്ക് ലേബര്‍ റൂമില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് ബുള്‍ബുള്‍ പറഞ്ഞതെന്ന് ഭര്‍ത്തൃപിതാവ് പ്രകാശ് അറോറ പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും അതുകൊണ്ടുതന്നെ ഞായറാഴ്ച രാവിലെ വരെ ബുള്‍ബുളിനെ കാണാന്‍ പോലും അവര്‍ തങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണം സംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുഷശീല്‍കുമാര്‍ പ്രതികരിച്ചു. മെഡിക്കല്‍ ഓഫീസറില്‍ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞത്. വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പരാതിയില്‍ സത്യം ഉണ്ടെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.