പതിമൂന്ന്കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കൗൺസിലിന് എത്തിയ  13കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശസ്ത കൗൺസിലറുമായ ഡോ.കെ.ഗിരീഷിനെതിരെ കേസെടുത്തു. പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് രക്ഷിതാക്കൾ മുഖ്യമന്ത്രി, ഡി.ജി.പി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകി.
കുട്ടിയുടെ മാതാവ് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്: പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ സ്കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരം ആഗസ്ത് 14നാണ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. പ്രശസ്തനായ ഡോക്ടറാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ സമാധാനം തോന്നിയിരുന്നു. വൈകുന്നേരം 6.45ന് ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് കുട്ടിയെ ഒറ്റയ്ക്ക് അകത്തുവിളിച്ചത്. 20 മിനിട്ടുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ കയറിപ്പോയപ്പോഴുള്ള പ്രസന്നത കണ്ടില്ല. തുടർന്ന് സംസാരിച്ചപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് അനുഭവം പറഞ്ഞത്.
ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽസ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്ന് മകൻ പറഞ്ഞു. ഈ വിവരം അറിഞ്ഞുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തുവെന്ന് കാലിക്കറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.manraped തൊട്ടടുത്ത ദിവസം ചൈൽഡ്ലൈൻ വിവരം തമ്പാനൂർ പോലീസിന് കൈമാറി. സംഭവം നടന്നത് ഫോർട്ട് പോലീസ് പരിധിയിലായതിനാൽ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു.
ഫോർട്ട് സ്റ്റേഷനിൽ കുട്ടിയുടെ പിതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും മകന്റെ മൊഴിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തതിനെ തുടർന്ന് ഒത്തുതീർപ്പിനായി തുടർച്ചയായി സമ്മർദ്ദമുണ്ടാകുന്നതായും ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവെന്ന് നേരിട്ടു പരിചയപ്പെടുത്തി ഫോണിലൂടെയും നേരിട്ടും മൂന്നാമതൊരാളുടെ ഒത്തുതീർപ്പ് ശ്രമമുണ്ടായി. പോക്സോ ആക്ട് 7,8 വകുപ്പുപ്രകാരമാണ് കേസെടുത്തതെങ്കിലും സർക്കാർ ഡോക്ടർ എന്ന നിലയിൽ 9ആം വകുപ്പുകൂടി ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സൈക്യാട്രിസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ കുട്ടിയുടെ മൊഴിയെടുക്കാനാകൂ എന്ന് ഫോർട്ട് പോലീസ് പ്രതികരിച്ചു. രഹസ്യമൊഴിയുൾപ്പെടെ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചെങ്കിലും വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തിയാണ് ഡോക്ടറുടെ പ്രവർത്തനം. തിരുവനന്തപുരത്ത് രണ്ടും കൊച്ചിയിൽ ഒന്നും ക്ലിനിക്കുകൾ ഉള്ളതായി സൈറ്റിൽ പറയുന്നു. തിരുവനന്തപുരത്ത് ബോർഡ് പോലും വയ്ക്കാത്ത കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് പരാതിയിൽ പറയുന്ന ക്ലിനിക്കുള്ളത്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായ ഡോ. കെ.ഗിരീഷ്.

Top