പ്രദര്‍ശന അനുമതി നിഷേധിക്കപ്പെട്ട ബീഫ് നിരോധത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററി യുട്യൂബില്‍

ഡല്‍ഹിയില്‍ ഡോക്യുമെന്‍ററി ഫെസ്റ്റിവലില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ബീഫിനെ കുറിച്ചുള്ള ഡോക്യുമെന്ററി യുട്യൂബില്‍ റിലീസായി . മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ”കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് ” എന്ന ഡോക്യുമെന്ററിക്കാണ് വാര്‍ത്താവിതരണ മന്ത്രാലയം ഫെസ്റ്റിവലില്‍ അനുമതി നിഷേധിച്ചത്. ചിത്രത്തിന് അനുമതിയില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അവസാന നിമിഷമാണ് വിദ്യാര്‍ഥികളെ അറിയിച്ചത്.

ബീഫ് നിരോധം ഉള്‍പ്പെടെ സസ്യേതരഭക്ഷണം ശീലിച്ചവര്‍ക്കുമേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചാണ് കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ് പറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്‍ററി. ഭക്ഷണവും അതില്‍ ഒളിഞ്ഞു കിടക്കുന്ന ജാതീയതയും ചിത്രത്തില്‍ പ്രമേയമായി വരുന്നു. മുംബൈയിലെ പ്രധാനപ്പെട്ട ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഹാര ചര്‍ച്ചകള്‍ എന്നിവയാണ് ഡോക്യുമെന്ററിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതു ഇടങ്ങള്‍ പൊതുവായി തന്നെ നിലനിര്‍ത്തണമെന്നും ഭക്ഷണത്തിന്റെ ജാതീയത എന്ത് വിലകൊടുത്തും എതിര്‍ക്കേണ്ടതാണെന്നും ഡോക്യുമെന്ററി പറയുന്നു.ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് കാന്റീനില്‍ ബീഫ്, പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. പിന്നാലെയാണ് സമകാലീന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ ഡോക്യുമെന്‍ററി ചിത്രീകരിച്ചത്.

Latest
Widgets Magazine