റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയിൽ ഡ്രോണ്‍ ആക്രമണം. സ്ഥലത്തെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. തുടർന്ന് വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ബുഖ്‍യാഖിലും ഖുറൈസിലും ആക്രമണമുണ്ടായി.
സൗദി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയാണ് അരാംകോ. ആക്രമണത്തിന് പിന്നിലാരാണെന്ന് വ്യക്തമാക്കാൻ സൗദി അധികൃതർ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല. എണ്ണശുദ്ധീകരണ ശാലകളിൽ നിന്നും വലിയ രീതിയിലുള്ള തീ പടരുന്ന നിലയിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്‌റ്റെബിലൈസേഷൻ പ്ലാന്റുകളിലൊന്നാണ് അബാഖൈഖിലേതെന്നാണ് ആരാംകോയുടെ പക്ഷം. 2006 ഫെബ്രുവരിയിൽ ഇവിടെ അൽഖ്വയിദയുടെ നേതൃത്വത്തിൽ ആക്രമണം നടന്നിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകൾ 2015 മുതൽ സംഘർഷത്തിലാണ്. യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി അറേബ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങൾ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങൾക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോൺ) ഉപയോഗിച്ച് നേരത്തെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു.
നാല് വർഷം മുമ്പ് യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവർ സൗദിയിലേക്ക് പ്രയോഗിച്ചത്. ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈൽ വേധ പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് സൗദി സേന തകർത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തായിഫിൽവെച്ച് തകർത്തിരുന്നു.