ആരാംകോ ആക്രമണം: എണ്ണവില റെക്കോർഡ് തുകയിൽ..!! ഒറ്റ ദിവസം 20 ശതമാനത്തിൻ്റെ വർദ്ധനവ്

കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണ വിലയില്‍ റെക്കോർഡ് വര്‍ധന. വിലയില്‍ ഇരുപത് ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 28 വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണിത്.

പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയും. ലോകത്തെ പ്രതിദിന എണ്ണ വിതരണത്തിൽ അഞ്ച് ശതമാനമാണ് കുറയുന്നത്. എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറിലെത്തി. ഇത് 80 ഡോളർ വരെ ഉയരുമെന്നാണ് കണക്ക് കൂട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ചയാണ് ആരാംകോയ്ക്കു നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതും ഇതിനെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായതും. ഹൂതി ആക്രമണത്തിനു പിന്നാലെ സൗദി എണ്ണ ഉത്പാദനം പകുതിയോളം കുറച്ചിരുന്നു.  ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചില്‍ യു എസ് ക്രൂഡ് ഓയിലിന്റെ വിലയില്‍ 10.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നിലവില്‍ ഒരു  ബാരലിന് 60.46 ഡോളറാണ് വില. വിലയില്‍ ഇനിയും വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. സൗദിയുടെ കിഴക്കന്‍ മേഖലായ ദമാമിനടുത്ത അബ്ഖുയൈഖ്, ഹിജ്റാത് ഖുറൈയ്സ് എണ്ണപ്പാടം എന്നിവിടങ്ങളിലായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഹൂതിവിമതര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

അബ്ഖുയൈഖിലെയും ഖുറൈസിലെയും ആരാംകോ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തുക്കള്‍ നിറച്ച പത്തു ഡ്രോണുകളാണ് ഹൂതികള്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന, ശുദ്ധീകരണ, സംസ്‌കരണ സംവിധാനമുള്ള സ്ഥാപനമാണ് സൗദി ആരാംകോ. അവരുടെ അസംസ്‌കൃത എണ്ണയുടെ വലിയൊരുഭാഗം ശുദ്ധീകരണവും സംസ്‌കരണവും നടക്കുന്നത് അബ്ഖുയൈഖ് പ്ലാന്റിലാണ്.

Top