നെയ്യാറ്റിന്‍കരയിലെ സനല്‍കുമാര്‍ കൊലക്കേസില്‍ പൊലീസില്‍ കീഴടങ്ങിയ ബിനുവിന്റെ മൊഴി പുറത്ത്. സംഭവത്തിനുശേഷം കേസിലെ പ്രതി ഡിവൈഎസ്പി ആദ്യമെത്തിയത് കല്ലമ്പലത്തെ വീട്ടിലേക്കാണെന്ന് ബിനു മൊഴി നല്‍കി. തുടര്‍ന്ന് വസ്ത്രങ്ങളെടുത്ത് ഇരുവരും ഒളിവില്‍ പോയി. ഒരിടത്തും തങ്ങാതെ കര്‍ണാടകയിലെ ധര്‍മസ്ഥ വരെ യാത്ര ചെയ്തു. ഒളിവില്‍ പോവുന്നതിന് മുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാല്‍ ജാമ്യം ലഭിക്കുമെന്നായിരുന്നു അഭിഭാഷകന്‍ അറിയിച്ചതെന്നും ബിനു പൊലീസിനോട് പറഞ്ഞു. ഹരികുമാറിന്റെ മരണത്തിന് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്.
രാത്രി വൈകിയും ചോദ്യംചെയ്യല്‍ തുടര്‍ന്നിരുന്നെന്നാണ് വിവരം. തുടര്‍ച്ചയായ യാത്രയും ക്രമം തെറ്റിയ ഭക്ഷണവും പ്രമേഹരോഗിയായ ഹരികുമാറിന്റെ ആരോഗ്യനില വഷളാക്കിയെന്നും ഇതേത്തുടര്‍ന്ന് കേരളത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നെന്നും ബിനു പറയുന്നു. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും ഹരികുമാറിനുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ചെങ്കോട്ട വഴി കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തി. പിന്നീടാണ് ജാമ്യത്തിന് സാധ്യതയില്ലെന്ന് അറിഞ്ഞത്. ഇതോടെ ഹരികുമാര്‍ നിരാശനായിരുന്നെന്നും നെയ്യാറ്റിന്‍കര സബ് ജയിലേക്ക് പോവുന്നത് താങ്ങാനാവില്ലെന്ന് പറഞ്ഞിരുന്നതായും ബിനു മൊഴി നല്‍കി. ചൊവ്വാഴ്ചയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരികുമാറിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു.
എന്റെ മകനെ നോക്കണം, സോറി എന്ന് സഹോദരനെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തളളിയിടുകയായിരുന്നു. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച്. സാക്ഷികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു നിഗമനം.