സിപിഎം വ്യാജ പ്രചരണങ്ങളെ തള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍; സാജന്‍ ആത്മഹത്യ ചെയ്തത് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനാല്‍

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തത് കാരണം തന്നെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനമെന്നും കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വിഎ കൃഷ്ണദാസ് പറഞ്ഞു.

ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കാര്യങ്ങള്‍ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി വിഎ കൃഷ്ണദാസ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ഇതുവരെ ഉള്ള അന്വേഷണത്തില്‍ ലഭിച്ച വിവരം. എന്നാല്‍ ആരെയും പ്രതിചേര്‍ക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിവൈഎസ്പി.

അന്വേഷണ സംഘത്തിന്റേതെന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പുറത്തു വരുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. മറ്റ് ചില ഉദ്യോഗസ്ഥര്‍ കേസില്‍ സമാന്തര അന്വേഷണം നടത്തുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു. കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സമാന്തരാന്വേഷണം നടത്തുന്നതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു. സിപിഎം പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഈ ഡിവൈഎസ്പി രക്ഷക്കെത്തിയിട്ടുണ്ടെന്നും സതീശന്‍ പാച്ചേനി. പൊലീസ് കുടുംബത്തെ അപമാനിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് സാജന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് ഡിവൈഎസ്പി തന്നെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ് കെട്ടുകഥകള്‍ അന്വേഷണ റിപ്പോര്‍ട്ടായി പ്രചരിപ്പിച്ചത്. ഇത് പിന്നീട് സിപിഎം അണികള്‍ ഏറ്റടുക്കുകയായിരുന്നു. നടത്തിവന്ന വ്യാജ പ്രചരണങ്ങളെല്ലാം ഇതോടെ സിപിഎമ്മിന് അവസാനിപ്പിക്കേണ്ടിവരും.

Top