പ്രതിസന്ധിഘട്ടത്തില്‍ ആരും കൂടെ നിന്നില്ല എന്ന വിമര്‍ശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. സംസ്ഥാന സെക്രട്ടറിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും ബന്ധുനിയമന വിവാദം, മന്ത്രിസഭയ്ക്ക് പുറത്തുനിര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍, കുടുക്കാന്‍ വിജിലന്‍സിനെയും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയും ഉപയോഗിച്ചതും തുറന്നുപറയുന്ന ഇ.പി.ജയരാജന്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും പുറത്തു നിന്നും തനിക്കൊരു സംരക്ഷണവും ലഭിച്ചില്ലെന്നും ആരോപിക്കുന്നു.
രണ്ടാമത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് വീണ്ടും മന്ത്രിയാകുമോ എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് മലയാള മനോരമ ഓണപ്പതിപ്പിന് വേണ്ടി അനില്‍ കുരുടത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ വീണ്ടും മന്ത്രിയായ സമയത്താണ് പുറത്തുവന്നിരിക്കുന്നത്.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനും ഇ.പി. ജയരാജന്‍ നല്‍കുന്ന മറുപടികള്‍ ഇങ്ങനെയാണ്, ‘പാര്‍ട്ടി സെക്രട്ടറിയുടെ ഒരു പ്രതികരണം വന്നത് അതെല്ലാം അടഞ്ഞ അധ്യായമാണ് എന്നാണ്. അതു കൊണ്ട് ഞാന്‍ പിന്നെ അതിലൊന്നും താല്‍പര്യം കാണിക്കാന്‍ പോയിട്ടില്ല. അങ്ങനെയുള്ള വാക്കുകളൊന്നും ഉപയോഗിക്കാന്‍ പാടില്ലല്ലോ. ഉപയോഗിച്ചപ്പോള്‍ നമുക്കതൊരു ക്ലിയര്‍ മെസേജ് പോലെയാണ് എനിക്ക് തോന്നിയത്. അതു കൊണ്ട് ഞാനതിനെക്കുറിച്ചൊന്നും സംസാരിക്കാന്‍ പോയിട്ടില്ല’.
നമ്മള്‍ ചെയ്യേണ്ട കുറച്ചു കാര്യങ്ങള്‍ ചെയ്ത് അങ്ങനെ പോകുന്നു. കേസ് കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര മാസമായി. എത്ര കാലമായി കേസില്‍ നിന്നെല്ലാം വിമുക്തനായിട്ട് ഞാന്‍ ഒറ്റയ്ക്കാണ് കേസെല്ലാം നടത്തിയത്.കേസിന്റെ കാര്യങ്ങളെല്ലാം ഞാന്‍ കൈകാര്യം ചെയ്തുവെന്നല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. കേസ് എന്തായെന്ന് ആരും എന്നോട് ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും പറയാനും പോയിട്ടില്ല’.
അതിലെല്ലാം നമ്മളെ അവിടെ നിന്നു മാറ്റാന്‍ ശ്രമിച്ചവര്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. ഒരു ഭാഗത്തുനിന്നും സംരക്ഷണം കിട്ടിയില്ല. എന്തിനാണ് മന്ത്രി സ്ഥാനം ഒഴിവായതെന്ന് ചോദിച്ചാല്‍ എന്തെങ്കിലും പറയാനുണ്ടോ. അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. സംരക്ഷണം കിട്ടി തീരുന്നതിനുള്ള കാരണവും എനിക്കറിയാം. ഞാന്‍ ആസ്ഥാനത്തിരിക്കുന്നത് ചിലരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തടസ്സമായിരിക്കുമെന്ന് തോന്നിയപ്പോള്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെക്കൊണ്ട് ചെയ്യിച്ചതാണെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അയാളെക്കൊണ്ട് പറഞ്ഞു ചെയ്യിച്ചതാണ്. അങ്ങനെ ചെയ്യണമെങ്കില്‍ ലഘുവായ ഇടപെടല്‍ കൊണ്ടൊന്നും പറ്റില്ല.
മന്ത്രിസ്ഥാനം രാജിവെക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു ഭൂകമ്പമുണ്ട് ചില സ്ഥാപിത താല്‍പര്യക്കാരുടേയും വന്‍തോക്കുകളുടേയും താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്.വ്യവസായ രംഗത്തെ ലോബികള്‍ക്ക് എന്റെ ഇടപെടല്‍ രുചിച്ചിരുന്നില്ല. പഴയതുപോലെ തുടരാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ അവരെല്ലാം യോജിച്ചു കൊണ്ട് സംഘടിതമായ നീക്കം നടത്തി.ആ നീക്കത്തില്‍ എനിക്ക് ഞാനേ ഉണ്ടായിരുന്നുള്ളൂ. സ്വയം പ്രതിരോധമെന്ന നിലയിലായിരുന്നു അന്നത്തെ രാജി.
ഏതെങ്കിലും പാര്‍ട്ടി മാധ്യമങ്ങളേയോ പാര്‍ട്ടി പത്രത്തേയോ എനിക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള ഒരു ശ്രമവും ഞാന്‍ നടത്തിയിട്ടില്ല. എന്റെ ഭാഗത്ത് പിശകില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. അന്ന് രാജിവെക്കേണ്ടി വന്നത് പാര്‍ട്ടിയേയും ഗവണ്‍മെന്റിനേയും കളങ്കപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണ്.ബന്ധു നിയമനത്തിന്റെ പേരില്‍ എന്നെ ആക്രമിക്കുന്നവരുടെ ആക്രമണത്തിന് മൂര്‍ച്ച കുറയ്ക്കാനും കൂടി വേണ്ടിയായിരുന്നു അത്. ചര്‍ച്ച ചെയ്യേണ്ടവരുമായി ചര്‍ച്ച ചെയ്താണ് രാജിവച്ചത്.
വിജിലന്‍സിനെക്കൊണ്ട് കേസെടുപ്പിച്ചത് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ്. എനിക്ക് അറിയുകയില്ല, ബന്ധവുമില്ല, പരിചയവുമില്ല. അയാള്‍ക്കു മുകളില്‍ എന്തോ സമ്മര്‍ദ്ദമുണ്ടായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേസ് ദീര്‍ഘിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയിരുന്നു.ബന്ധു നിയമന കേസുമായി ബന്ധപ്പെട്ട് മുമ്പൊരു സുപ്രിം കോടതി വിധിയുണ്ടെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ പറഞ്ഞു.കേസ് എന്നിട്ട് സുപ്രീം കോടതിയുടെ പരിഗണനക്ക് വിട്ടു.അത്രയും ക്രൂരമായ നിലപാടുകള്‍ ഇതിനു പിന്നിലുള്ള പിന്‍തിരിപ്പന്‍ ശക്തികള്‍ നടത്തിയിട്ടുണ്ട്.
എന്നെ വെടിവെച്ച പ്രതികള്‍ ലക്ഷ്യം വച്ചത് എന്നെയും പിണറായി വിജയനെയും വെടിവച്ചു കൊല്ലാനായിരുന്നു. എം.വി.രാഘവനും കെ.സുധാകരനും സി.പി ജോണിനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടായിരുന്നു.പാര്‍ട്ടി വിട്ടു പോയ ശേഷം എം.വി രാഘവനുമായി സംസാരിച്ചിട്ടേയില്ല. മക്കളുടെ കല്ല്യാണത്തിന് എം.വി രാഘവനേയോ സുധാകരനേയോ ക്ഷണിച്ചിട്ടില്ല. രാഘവന്‍ പിന്നീട് നിലപാട് മയപ്പെടുത്തിയപ്പോള്‍ ചില സിപിഐഎം നേതാക്കളൊക്കെ പോയി കണ്ടിട്ടുണ്ട്. എല്ലാവരും പോയെന്ന് തോന്നുന്നില്ല. പാര്‍ട്ടി അണികളെല്ലാം അവസാനം വരെ രാഘവന്റെ നിലപാടുകളോട് എതിരായിരുന്നു. നികേഷ് കുമാര്‍ ജയരാജന്റെ പഴയ മണ്ഡലമായ അഴീക്കോട് മത്സരിച്ചല്ലോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുവോ ബന്ധുവോ ഇല്ല എന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ജയരാജന്‍ നല്‍കുന്നത്.