ഇ. ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേക്ക്

കൊച്ചി:ഇ ശ്രീധരൻ കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ട് .അടുത്ത് നടക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ഇ ശ്രീധരനെ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു എന്നാണു 24 ന്യുസ് റിപ്പോർട്ട് ചെയ്യുന്നത് . സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരാണ് പരിഗണന പട്ടികയില്‍ ഉള്ളത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്.

ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും.

Top