ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസിൽ 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടെകെട്ടിയത്. കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ ബിഎം പാർവതി രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് നഷ്ടപരിഹാരം നൽകുന്നുവെന്ന പേരിൽ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതിൽ മുൻ മുഡ കമ്മീഷണർ ഡിബി നടേഷിൻ്റെ പങ്ക് നിർണായകമാണെന്ന് ഇഡി പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് അനുവദിച്ച 14 സൈറ്റുകൾ പുറമെ. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതുവഴി ലാഭവും കണക്കിൽ പെടാത്ത പണവും ഉണ്ടാക്കിയെന്നും ഇഡി പറയുന്നു.
സ്വാധീനമുള്ള വ്യക്തികളുടെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെയും ബിനാമി/ഡമ്മി വ്യക്തികളുടെ പേരിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. സിദ്ധരാമയ്യയ്ക്കും മറ്റുള്ളവർക്കുമെതിരെ ഐപിസി, 1860, അഴിമതി നിരോധന നിയമം, 1988 എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.