സ്വർണക്കടത്തിൽ അന്വേഷണം സംസ്ഥാന സർക്കാരിലേക്ക്..ശിവശങ്കർ മുൻകയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ അന്വേഷിക്കും.ഇ – മൊബിലിറ്റി, ഡൗൺ ടൗൺ ,സ്മാർട്ട് സിറ്റി, കെ ഫോൺ പദ്ധതികളും സംശയത്തിൽ

കൊച്ചി : സ്വർണക്കടത്ത് കേസ് അന്വേഷണം സംസ്ഥാന സർക്കാരിലേക്ക്. ശിവശങ്കർ നേതൃത്വം നൽകിയ സർക്കാർ പദ്ധതികളുടെ വിവരങ്ങൾ തേടി എൻഫോഴ്സ്മെൻ്റ്. സർക്കാരിൻ്റെ നാല് വൻകിട പദ്ധതികൾ സംശയത്തിൽ. ചീഫ് സെക്രട്ടറിയോട് പദ്ധതി വിശദാംശങ്ങൾ തേടി ഇ ഡി.സർക്കാറിൻ്റെ സ്വപ്ന പദ്ധതികളിലേക്ക് പിടി മുറുക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഐ.ടി.വകുപ്പ് മുൻകൈ എടുത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിൻ്റെ താൽപ്പര്യ പ്രകാരം നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് ഇ.ഡി.യുടെ നിഗമനം. റിയൽ എസ്റ്റേറ്റ് ഇടപാടുമുതൽ കൺസൾട്ടൻസി, നിർമ്മാണ കരാർ വരെയുള്ള അഴിമതികൾക്കായാണ് ഈ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ശിവശങ്കറിനെ മുൻനിർത്തി വലിയൊരു ലോബി ഇതിന് പിന്നിൽ പ്രവർത്തിച്ചതായും ഇ.ഡി. സംശയിക്കുന്നുണ്ട്.

ഇ – മൊബിലിറ്റി, ഡൗൺ ടൗൺ ,സ്മാർട്ട് സിറ്റി, കെ ഫോൺ പദ്ധതികളിലെ ക്രമവിരുദ്ധ ഇടപെടലുകളും, ക്രമക്കേടുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പങ്കാളികളായ ഈ പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് ഇഡി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി, ഭൂമി വില, നിക്ഷേപങ്ങൾ, പദ്ധതിയിലെ പങ്കാളികൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട് എം ശിവശങ്കറുമായി അടുപ്പമുള്ള ചിലർ റിയൽ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി വിവരമുണ്ട്. അറസ്റ്റിലായ ശേഷമുള്ള ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും, സ്വപ്ന സുരേഷും, ചാർട്ടേർഡ് അക്കൗണ്ടൻ്റ് വേണുഗോപാലും മുമ്പ് നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻ്റ് അന്വേഷണം സർക്കാർ പദ്ധതികളിലേക്കും നീട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്മാർട്ട് സിറ്റി പദ്ധതി അനിശ്ചിതത്വത്തിലായപ്പോൾ ശിവശങ്കർ സ്വപ്ന സുരേഷിൻ്റെ സഹായം തേടുകയും, ദുബായ് ഹോൾഡിംഗ് സിനെ ചർച്ചകൾക്ക് പ്രേരിപ്പിച്ച് തടസ്സങ്ങൾ നീക്കുകയും ചെയ്തിരുന്നു. ഇതിൽ സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയോയെന്നതിലേക്കും അന്വേഷണം നടക്കുന്ന വിവരം ജനം ടി വി പുറത്തുവിട്ടിരുന്നു. മന്ത്രിസഭാ അനുമതിക്ക് കാത്തു നിൽക്കാതെയായിരുന്നു ശിവശങ്കർ കെ ഫോൺ പദ്ധതിക്ക് കരാർ നൽകിയത്. 49 ശതമാനം കൂടിയ തുകയ്ക്കായിരുന്നു ടെണ്ടർ. വിവാദ പ്രൈസ് വാട്ടേഴ്സ് കൂപ്പർ കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാർ നൽകിയതും അന്വേഷണ പരിധിയിലുണ്ട്. ശിവശങ്കർ മുൻകൈ എടുത്ത് നടപ്പാക്കിയ മറ്റ് നിരവധി പദ്ധതികളെ കുറിച്ചും ഇ ഡി അന്വേഷിക്കുകയാണ്.

1500 കോടി മുതൽ 4500 കോടി വരെ ചെലവാകുന്ന പദ്ധതികളാണ് ഇവയെല്ലാം. ഇതിന് ആരാണ് കരാർ ഏറ്റെടുത്തത് ? ടെണ്ടർ വ്യവസ്ഥകൾ എന്തൊക്കെ ?ടൈണ്ടർ വിശദാംശങ്ങൾ, ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങളും തുകയും, കൺസൾട്ടൻസി -നിർമ്മാണ കരാർ നൽകിയത് ആർക്ക് ? അതിൻ്റെ വിശദാംശങ്ങൾ എന്നിവയെല്ലാം നൽകണമെന്ന് ഇ.ഡി. ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസത്തിനകം ചീഫ് സെക്രട്ടറി വിശദാംശങ്ങൾ സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top