സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തി വന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് കിഫ്ബി വിവാദം കത്തിപ്പടരുന്നത്. കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകുന്നത്. റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ പിന്‍തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. വിശദാംശങ്ങള്‍ തേടികൊണ്ടാണ് ഇഡി ആര്‍ബിഐയ്ക്ക് കത്ത് നല്‍കിയത്. സിആന്റ്എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് ഇതുവരെ 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സിഎജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് ഇപ്പോള്‍ ഇഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.