വിദ്യാഭ്യാസ വായ്പയെടുത്തവർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷ കാലയളവിൽ സർക്കാർ സഹായത്തോടെയുള്ള തിരിച്ചടവ് സഹായപദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. പഴയ നിയമസഭാ മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഈ പദ്ധതി 01.04.2016 മുതൽ മുൻകാല പ്രാബല്യത്തിൽ നിലവിൽ വരും. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷത്തേക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകും. 01.04.2016ൽ ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് വാർഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും. ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്എൽബിസി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
ഒൻപതുലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾക്കാണ് തിരിച്ചടവ് സഹായം ലഭിക്കുക. 01.04.2016ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവർക്കാണ് സൗജന്യം ലഭ്യമാക്കുക.
ഒന്നാം വർഷം വായ്പയുടെ 90% വും രണ്ടാം വർഷം 75% വും മൂന്നാം വർഷം 50% വും നാലാം വർഷം 25% വും സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 31.03.2016 നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്കും സഹായം ലഭിക്കും. വായ്പാ തുകയുടെ 40% മുൻകൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്തുകൊടുക്കുകയും ചെയ്താൽ 60% സർക്കാർ നൽകി ലോൺ ക്ലോസ് ചെയ്യാൻ സഹായിക്കും.
നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി ലോൺ ക്ലോസ് ചെയ്യാൻ ബാങ്കുകൾ തയ്യാറാകുന്നപക്ഷം മുതലിന്റെ 50% (പരമാവധി 24,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ, വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം.
വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർത്ഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.