മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി; മുന്‍ മന്ത്രി പാര്‍ട്ടി വിട്ട് പുറത്തേക്ക്, കോണ്‍ഗ്രസിലേക്ക് ക്ഷണവും

മുംബൈ: ബിജെപിക്ക് മഹാരാഷ്ട്രയിലും തിരിച്ചടി. മുന്‍ മന്ത്രി പുറത്തേക്ക്. മുതിര്‍ന്ന ബിജെപി നേതാവായ ഏകനാഥ് ഖഡ്സെ ആണ് പാര്‍ട്ടി വിടുന്നത്. ഏത് പാര്‍ട്ടിയിലേക്ക് എന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ചത്. ‘ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടേയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍ തന്നെ എല്ലാക്കാലവും തുടരണമെന്നുമില്ല, ആര്‍ക്കും അത് പ്രവചിക്കാനാകില്ല’ ഇങ്ങനെയായിരുന്നു ഖഡ്സെയുടെ വാക്കുകള്‍.
ഒപ്പം പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പാട്ടില്‍ ഖഡ്സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും ഉല്‍ഹാസ് കുറ്റപ്പെടുത്തി. പിസിസി അധ്യക്ഷന്‍ അശോക് ചവാനും ഖഡ്സയെ ഈ വര്‍ഷം ആദ്യം പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയുണ്ടായി.
ലേവ പാട്ടീല്‍ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്സെ. 2016-ല്‍ ഭൂമി കുംഭകോണ ആരോപണത്തെ തുടര്‍ന്നാണ് ഖഡ്സെക്ക് റവന്യു മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഖഡ്സെ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top