ലോക്‌സഭാ പ്രചരണയോഗങ്ങള്‍ക്കിടയില്‍ ശബരിമല വിഷയം പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് സിപിഐഎമ്മിന്റെ നിര്‍ദ്ദേശം.നിയമസഭാ മണ്ഡലം തലത്തില്‍ പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പരിശീലനം നല്‍കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ ശബരിമല വിഷയം ചര്‍ച്ചയായാല്‍ യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധി എന്തായിരുന്നുവെന്നും അത് നടപ്പാക്കാതിരുന്നാല്‍ സര്‍ക്കാരിന് നേരിടേണ്ടി വരുമായിരുന്ന നിയമപ്രശ്‌നങ്ങള്‍ എന്താണെന്നും കുറഞ്ഞ വാക്കുകളില്‍ വ്യക്തമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശീലനം കിട്ടിയവര്‍ മാത്രമേ പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കാവൂ എന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2 ദിവസത്തെ പരിശീലനമാണ് സിപിഎം പ്രാസംഗികര്‍ക്കായി ഒരുക്കുന്നത്. ഒരോ നിയമസഭാ മണ്ഡലത്തിലും 100 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്യും. ജില്ലാതലം വരെയുള്ള നേതാക്കള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രസംഗത്തില്‍ ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രസംഗിക്കേണ്ടതെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കു മുന്‍ഗണന നല്‍കിയായിരിക്കണം പ്രസംഗിക്കേണ്ടത്.