തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടേയും പക്ഷം പിടിക്കരുത്; ഇടുക്കി രൂപത വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുടേയും പക്ഷം പിടിക്കരുതെന്ന് കാണിച്ച് ഇടുക്കി രൂപത ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍ വൈദികര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. തെരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് പൊതുവേദികളില്‍ പങ്കെടുക്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇടുക്കി രൂപതയിലെ 187 വൈദികരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേലിന്റെ സന്ദേശം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ പരോക്ഷ നിര്‍ദ്ദേശം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഭേദഗതിക്കായി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ജോയ്‌സിന് ഒരവസരം കൂടി നല്‍കണമെന്നാണ് സമിതിയുടെ നിലപാട്. മുന്‍കാലങ്ങളിലൊന്നുമില്ലാത്ത വിധത്തില്‍ ജില്ലയില്‍ വികസനം കൊണ്ടുവരാന്‍ എംപിക്കായെന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തെപ്പോലെ സമിതി പരസ്യപ്രചാരണങ്ങള്‍ക്ക് ഇറങ്ങേണ്ടതുണ്ടോ എന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ജോയ്‌സിനും കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണ സഭയുടെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ഇടുക്കി രൂപതയുടെ സര്‍ക്കുലര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമാകുമെന്ന മലയോരജനതയുടെ ആശങ്ക ഇല്ലാതാക്കാന്‍ ജോയ്‌സ് ജോര്‍ജിന് കഴിഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള ജോയസ് ജോര്‍ജിന്റെ നിരന്തര ഇടപെടലുകളാണ് ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിന്റെ ഭേദഗതിക്ക് വഴിവച്ചതെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു.

Top