തിരുവനന്തപുരം: കേരളം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണെങ്കിലും കഴിഞ്ഞുപോയ മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും ഇപ്പോഴും കരകയറാതെ നില്‍ക്കുന്ന അനേകം ജീവനുകളുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി ചെലവ് ചുരുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷെ വാക്കുകളെല്ലാം പാഴ് വാക്കാക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അനാവശ്യ ചിലവുകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നായിരുന്നു സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷം.
ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ബസുകളില്‍ വ്യാപകമായി പരസ്യ ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് ‘ഒന്നാണ് നാം ഒന്നാമതാണ് കേരളം’ എന്ന പരസ്യം ബസുകളില്‍ പതിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനിട്ട് പണി നല്‍കിയിരിക്കുകയാണ്. പരസ്യം നീക്കം ചെയ്യാനാണ് കമ്മീഷന്റെ ഉത്തരവ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിക്കുന്ന ഫോട്ടോയുള്ള സര്‍ക്കാര്‍ പരസ്യം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്ന് നീക്കാന്‍ എല്ലാവര്‍ക്കും മടി. ഒരുകോടിരൂപ ചെലവഴിച്ച് അയ്യായിരം ബസുകളിലാണ് പരസ്യം പതിച്ചത്. പരസ്യം ഇറക്കിയ പി.ആര്‍.ഡി അല്ലേ നീക്കേണ്ടത് എന്ന് ഗതാഗത വകുപ്പിന് സംശയം. എന്നാല്‍ പരസ്യം ഇറക്കുന്നതു മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് പി.ആര്‍.ഡിയും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ പരസ്യം മാറ്റിയാല്‍ ഒരു കോടി രൂപ സര്‍ക്കാരിന് നഷ്ടമാവും. അതുകൊണ്ടാണ് അവ നീക്കാതിരിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടിയത്. പക്ഷെ, നീക്കിയേ പറ്റൂ എന്ന് ഗതാഗത സെക്രട്ടറിയേയും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു കഴിഞ്ഞു. തുടര്‍ന്ന് ചില ജില്ലകളില്‍ സബ്കളക്ടര്‍മാര്‍ ഡിപ്പോ അധികാരികള്‍ക്ക് ഉത്തരവും നല്‍കി. എന്നിട്ടും പരസ്യം മാറ്റാതായപ്പോള്‍ പ്രതിപക്ഷ പ്രവര്‍ത്തകര്‍ ചില സ്ഥലങ്ങളില്‍ ബസിലെ പരസ്യം വലിച്ചു കീറി.
മാനേജ്‌മെന്റിന്റെ പ്രശ്‌നം രണ്ടാണ്. ഇടതു യൂണിയനുകള്‍ പോസ്റ്റര്‍ നീക്കുന്നതിനെ അനുകൂലിക്കുന്നില്ല. രണ്ട് ആരെ കീറാന്‍ നിയോഗിക്കും എന്നുള്ളതാണ്. ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞാല്‍ ഡ്യൂട്ടി അല്ലേന്ന് പറഞ്ഞൊഴിയും. മിനിസ്റ്റീരിയല്‍ സ്റ്റാഫും ഇതേ കാരണം പറയും.