ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പിആര്‍.എല്‍.ഡി കൂട്ടുകെട്ടിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ ഒഴിച്ചിട്ടെന്ന വാര്‍ത്ത തള്ളി ബി.എസ്.പി നേതാവ് മായാതി. ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കരുത്ത് തങ്ങളുടെ സഖ്യത്തിനുണ്ടെന്നും, ഒരു സംസ്ഥാനത്തും തങ്ങള്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസിന് സംസ്ഥാനത്തെ 80 സീറ്റുകളില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, തങ്ങള്‍ക്കു വേണ്ടിയാണ് സീറ്റ് ഒഴിച്ചിട്ടതെന്ന് പറഞ്ഞ് തെറ്റായ ധാരണ പരത്തരുതെന്നും മായാവതി കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു.
എസ്.പി-ബി.എസ്.പി ആര്‍.എല്‍.ഡിയുടെ പ്രമുഖ നേതാക്കള്‍ മത്സിരിക്കുന്ന മണ്ഡലങ്ങളിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് അറിയിച്ചത്.എസ്.പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ മത്സരിക്കുന്ന കനൗജ്, ആര്‍.എല്‍.ഡിയുടെ അജിത് സിംഗ്, ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകള്‍, മായാവതി മത്സരിക്കുന്ന മണ്ഡലം എന്നിവയായിരുന്നു കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും എസ്.പിബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.
രണ്ടു ഈ രണ്ടു സീറ്റുകള്‍ മാത്രം നല്‍കാമെന്ന ധാരണയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ നിന്ന് പുറത്ത് പോയത്. 80 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് സഖ്യധാരണപ്രകാരം മായാവതിയുടെ ബി.എസ്.പി. 38 സീറ്റിലും എസ്.പി. 37 സീറ്റിലുമാണ് മത്സരിക്കുക. കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ്.പിയും ബി .എസ്പിയും തീരുമാനിച്ചിരിക്കുന്നത്.