കോതമംഗലം: കാട്ടാന ആക്രമണം പതിവായതോടെയാണ് കുട്ടമ്പുഴയിലെ നാട്ടുകാരുടെ രോഷം അണപൊട്ടി. ഇന്നലെ രാത്രി വൈകിയും വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും തങ്ങളുടെ ദുരനുഭവങ്ങളാണ്.അതേസമയം കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. അപകടം അറിഞ്ഞ ഉടൻ തന്നെ കലക്ടരുമായി ബന്ധപ്പെട്ടു. അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘർഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നെഞ്ചുപൊട്ടിക്കൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതികരണങ്ങള്‍. ‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവന്‍ നഷ്ടപ്പെടും’ എല്‍ദോസ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരില്‍ പലരും വൈകാരികമായി പറഞ്ഞത് ഇങ്ങനെയാണ്.
അധികാര കേന്ദ്രങ്ങളില്‍ പലയാവര്‍ത്തി ചോദിച്ച ചോദ്യമാണ് അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ വച്ചാണ് എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരു മനുഷ്യശരീരത്തോട് ചെയ്യാനാകുന്നതെല്ലാം ആന എല്‍ദോസിന്റെ ശരീരത്തോട് ചെയ്തുകഴിഞ്ഞുവെന്ന് നെഞ്ചുപൊട്ടി പറയുന്ന നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്തുനിന്നെടുക്കാന്‍ പോലും അനുവദിക്കാതെ പ്രതിഷേധിക്കുന്നതും അതുകൊണ്ടാണ്. ഞങ്ങള്‍ക്കിതിന് പരിഹാരം വേണമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.