പത്തനംതിട്ട: ചെളിക്കുണ്ടില്‍ വീണ ആനയെ ഓഴ് മണിക്കൂര്‍ പരിശ്രമത്തിന് ശേഷം രക്ഷിച്ചു. ചെളിയില്‍ മുങ്ങിത്താഴ്ന്ന് മരണവുമായി മല്ലടിച്ച് നിന്ന ശിവശങ്കരനാണ് മണിക്കൂറുകള്‍ക്കൊടുവില്‍ പുറത്തെത്തിയത്. പത്തനംതിട്ട കൊടുമണ്ണുകാരുടെ പ്രിയപ്പെട്ട കൊമ്പനാണ് ശിവശങ്കരന്‍. ചെളിക്കുഴിയില്‍ മുങ്ങിയത്‌തൊട്ട് ഓരോരുത്തരുടെയും നെഞ്ചില്‍ കനലെരിയുകയായിരുന്നു. കൊടുമണ്‍ സ്വദേശി ദീപുവിന്റെ ഉടമസ്ഥതയിലുള്ളതാണു ശിവശങ്കരന്‍ എന്ന ആന. ചിരണിക്കല്‍ എംജിഎം സ്‌കൂളിനു സമീപം സ്വകാര്യ റബര്‍ തോട്ടത്തിലെ ചെളിക്കുണ്ടില്‍ ശിവശങ്കരന്‍ താഴ്ന്നത് രാവിലെ 11ന് ആണ്.
രക്ഷപ്പെടാനുള്ള ആനയുടെ ശ്രമവും രക്ഷപ്പെടുത്താനുള്ള പാപ്പാന്മാരുടെ ശ്രമവും ഏഴു മണിക്കൂറോളും നീണ്ടു. ചെളിയില്‍ പൂര്‍ണായി മുങ്ങിയതോടെ ശരീരം തളര്‍ന്ന കൊമ്പന്‍ മരണത്തെ മുഖാമുഖം കണ്ടു. പുറത്തെത്തിക്കാന്‍ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും ചെളിക്കുണ്ടില്‍ പുതഞ്ഞതു രക്ഷാശ്രമങ്ങള്‍ക്കു തിരിച്ചടിയായി. മറ്റൊരു മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് ആനയെ വടമിട്ടു കെട്ടി നാട്ടുകാരുടെ സഹായത്തോടെ വൈകുന്നേരം അഞ്ചരയ്ക്കു പുറത്തെത്തിക്കുകയായിരുന്നു.
രാവിലെ കുളിപ്പിക്കാനായി തോട്ടത്തിലെ കുളത്തില്‍ കൊണ്ടുവന്നതാണ് ആനയെ. കൊടുമണ്‍ മുകളില്‍ വീട്ടില്‍ ഉണ്ണി ഒരു വര്‍ഷത്തേക്കു വാടകയ്‌ക്കെടുത്ത ആനയെ സ്ഥിരമായി ഇവിടെയാണു കുളിപ്പിക്കുന്നത്. വഴി കാട്ടാന്‍ എപ്പോഴും അപ്പു എന്നൊരു നായ ശിവശങ്കരന്റെയും പാപ്പാന്മാരുടെയും മുന്നിലായി നടക്കും. അപ്പു നടക്കുന്ന വഴിയിലൂടെയേ ശിവശങ്കരനും നീങ്ങൂ. പതിവു പോലെ അപ്പു കുളിക്കടവില്‍ ആനയെ എത്തിച്ചു.
ഇതിനിടെ സമീപത്തെ ചെളിക്കുഴിയില്‍ നിന്നു വെള്ളം കുടിക്കാനായി ശിവശങ്കരന്‍ തിരിഞ്ഞതാണ് അപകടമായത്. രണ്ടടി വീതിയുള്ള നീര്‍ച്ചാലിലേക്ക് ആന നിരങ്ങി വീണു. ആനയെ അങ്ങാടിക്കലില്‍ പതിവു കേന്ദ്രത്തില്‍ തളച്ചു. അടൂര്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ഗവ. വെറ്ററിനറി ഡോക്ടര്‍ ബിനു ഗോപിനാഥ്, ഡോ. ശശീന്ദ്രദേവ്, എസ്‌ഐ ആര്‍. രാജീവ്, റവന്യു, വനം, സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.